തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത്കുമാർ സർക്കാറിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവന്നു. പൂരം അലങ്കോലമാക്കിയത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വത്തിലെ ചിലരുടെ പേര് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പൂരം കലക്കി നേട്ടമുണ്ടാക്കാൻ ശ്രമിച്ച പാർട്ടി ബി.ജെ.പി ആണെന്ന് നേരിട്ട് പരാമർശമില്ല. റിപ്പോർട്ട് നേരത്തെ തന്നെ ഡി.ജി.പിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ ഡി.ജി.പി, എ.ഡി.ജി.പിയെ വിമർശിച്ച് കത്ത് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ശിപാർശയോടെ നിലവിൽ ത്രിതല അന്വേഷണം നടന്നുവരികയാണ്.
പൂരത്തിന്‍റെ തുടക്കം മുതൽ തിരുവമ്പാടി ദേവസ്വം നിയമവിരുദ്ധവും നടപ്പാക്കാൻ കഴിയാത്തതുമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഭാഗമായാണ് പലപ്പോഴും ചടങ്ങുകൾ നിൽത്തിവെക്കേണ്ടിവന്നത്. പൂരം നടത്തിപ്പിനായി ഹൈകോടതി മുന്നോട്ടുവച്ച നിബന്ധനകൾ മറികടന്ന് ചടങ്ങുകൾ പെട്ടെന്ന് നിർത്തി, ദേവസ്വത്തിലെ ചിലർ മറ്റു പലരുമായും ഗൂഢാലോചന നടത്തി. സർക്കാറിനെതിരായ നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം വെച്ചെന്നും റിപ്പോർട്ടിലുണ്ട്.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തലില്ല. അതേസമയം, ബി.ജെ.പിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർ.എസ്.എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കു സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.