തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ നാല് യു.ഡി.എഫ് മുൻ എം.എൽ.എമാരെ കേസിൽ പ്രതിചേർത്തു. എൽ.ഡി.എഫിന്റെ നാട്ടിക മുൻ എം.എൽ.എ ഗീതാഗോപിയുടെ പരാതിയിൽ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34 (പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേർന്ന് ക്രിമിനൽ പ്രവൃത്തി ചെയ്യുക), 323 (ദേഹോപദ്രവം ഏൽപിക്കൽ), 341 (തടഞ്ഞു നിർത്തൽ) വകുപ്പുകളാണ് ചുമത്തിയത്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ഒരുമാസം മുമ്പ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
2015 മാർച്ച് 13ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരെ കേസെടുത്തത്. ശിവദാസൻ നായർ ഗീതാഗോപിയെ ബോധപൂർവം തള്ളി താഴെയിട്ടെന്നും, മറ്റു മൂന്നു പേരും ചേർന്ന് ഇവരെ തടഞ്ഞു വെച്ചെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഗീതാഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും എഫ്.ഐ.ആറിലുണ്ട്.
കൈയാങ്കളിയെ തുടർന്ന് നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എൽ.ഡി.എഫ് നേതാക്കളെ പ്രതിചേർത്തിരുന്നു. മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതികൾ.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കാൻ സുപ്രീംകോടതിവരെ പോയെങ്കിലും വിചാരണ നേരിടാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.