പശ്ചിമഘട്ടത്തെ സഭാനേതൃത്വം കുരിശുമലയാക്കുന്നു –വെള്ളാപ്പള്ളി

അടിമാലി: ഇടുക്കിയിലെ പശ്ചിമഘട്ടത്തെ ക്രൈസ്തവ സഭാനേതൃത്വം കുരിശുമലയാക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇതിന് ഒത്താശചെയ്യുകയാണെന്നും പശ്ചിമഘട്ടത്തെ രക്ഷിക്കണമെങ്കില്‍ സഭ കനിയണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെി നില്‍ക്കുകയാണെന്നും സമത്വ മുന്നേറ്റയാത്രക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷമാണ് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്. ഇത് ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടമല മേഖലയിലെ പട്ടയവിതരണവും കൈയേറ്റവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സി.പി.എം നേതാവ് എം.എം. മണി സഭാ നേതൃത്വത്തിന്‍െറ കെണിയില്‍ അകപ്പെട്ടെന്നും ഇതിലൂടെയും സഭ നേട്ടം കൊയ്യുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 34 ശതമാനം മാത്രമുള്ള സംഘടിത ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുകയും പശ്ചിമഘട്ടത്തെ കാര്‍ന്നുതിന്നുകയുമാണ്. ഇങ്ങനെ സത്യം പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയും ഭീകരവാദിയുമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങളും ഇടത്-വലത് മുന്നണി നേതാക്കളും ശ്രമിക്കുന്നത്.
മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്‍െറ കുടുംബത്തെ സഹായിച്ചതിനെക്കുറിച്ചല്ല താന്‍ പറഞ്ഞത്. നൗഷാദിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവിനും വീരചക്ര അവാര്‍ഡും സഹായവും നല്‍കുകയാണ് വേണ്ടത്. പ്രത്യേക മതവിഭാഗങ്ങള്‍ അപകടത്തിലും ദുരന്തത്തിലും പെടുമ്പോള്‍ പെട്ടന്ന് സര്‍ക്കാര്‍ സഹായങ്ങള്‍ എത്തുന്നു. എന്നാല്‍, ഈഴവരോ ആദിവാസികളോ ദുരന്തങ്ങളില്‍ പെട്ടാല്‍ സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. ചില മതങ്ങള്‍ക്ക് വാരിക്കോരി നല്‍കുമ്പോള്‍ ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നു. ഇതിന് മാറ്റം വരുംവരെ താന്‍ പരസ്യ നിലപാടെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് സമുദായങ്ങള്‍ നിയമനവും മറ്റും പി.എസ്.സിക്ക് വിടാന്‍ തയാറായാല്‍ എസ്.എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളും അതിന് തയാറാണ്. ബാര്‍ നിരോധമായി മാറിയ മദ്യനിരോധത്തിന്‍െറ ചതിക്കുഴിയില്‍ വീണത് കെ.എം. മാണി മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു അധ്യക്ഷത വഹിച്ചു.

ജിജി തോംസണെയും കാന്തപുരത്തെയും അറസ്റ്റ് ചെയ്യുമോ –തുഷാര്‍
കോട്ടയം: സുവിശേഷപ്രസംഗം നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെയും സ്ത്രീകള്‍ പ്രസവിക്കുന്ന യന്ത്രമാണെന്ന് പ്രഖ്യാപിച്ച കാന്തപുരത്തിനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യുമോയെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി.  വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രക്ക് കോട്ടയം നാഗമ്പടം മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹാന്‍ഡ്ബാള്‍ താരങ്ങളടക്കം മൂന്നു കുട്ടികള്‍ മരിച്ച അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിയില്ല. എസ്.എന്‍.ഡി.പി യൂനിയന്‍ എല്ലാവര്‍ക്കും കയറികൊട്ടാനുള്ള ചെണ്ടയല്ല. ഒരുമാധ്യമങ്ങളുടെയും സഹായമില്ലാതെയാണ് വളര്‍ന്നത്.  ശംഖുമുഖത്ത് പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടി കേരളം ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.