വെള്ളാപ്പള്ളിക്കെതിരായ കേസ് വിവേചനപരമെന്ന് വി. മുരളീധരൻ

കോഴിക്കോട്: വർഗീയ പരാമർശം നടത്തി‍യ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത് വിവേചനപരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്്് വി. മുരളീധരൻ. വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. മതവിവേചനം കാണിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് നൗഷാദിന്‍റെ വീട് സന്ദർശിക്കാൻ പോവുന്നതിന് മുമ്പാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.

നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെയല്ല വെള്ളാപ്പള്ളി എതിര്‍ത്തത്. നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഇതുപോലുള്ള സമീപനം സ്വീകരിക്കാത്തതിനെയാണ് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വിവേചനത്തെ തുറന്നുകാട്ടുന്നതാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. -

ഇതേരീതിയില്‍ പ്രസംഗം നടത്തിയ ഇടുക്കി ബിഷപ്പിനെതിരെയോ സുവിശേഷ പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നു പ്രസംഗിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെയോ കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് നട്ടെല്ലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറി ചെയ്തത് തെറ്റാണെന്ന് പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി മതത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെ കാണുന്നതെന്ന ധാരണയാണ് ഇതുണ്ടാക്കുന്നത്. നൗഷാദിന് സഹായം നല്‍കിയതിനെ ബി.ജെ.പി. എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാന രീതിയിൽ ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തിയ എറണാകുളത്തെ ഉല്ലാസിനോടും വിഷ്ണുവിനോടുമുള്ള സര്‍ക്കാറിന്‍റെ സമീപനം ഇതായിരുന്നില്ലെന്നും അവരുടെ കുടുംബത്തിന് സഹായമൊന്നും നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, നൗഷാദിന്‍റെ വീട് സന്ദർശിച്ച് മടങ്ങുമ്പോൾ രാഷ്ട്രീയപരമായ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞ് മാറി. മനുഷ്വത്വപരമായ പ്രവർത്തനമാണ് നൗഷാദിന്‍റെതെന്നും ഇത് കോഴിക്കോടിന് മാത്രമല്ല കേരളത്തിന് തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.


.

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.