തിരുവനന്തപുരം: വയനാട്ടിലെ കേന്ദ്രാവഗണനയില്‍ ആദ്യം സംസാരിച്ചത് യു.ഡു.എഫ് ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പറയുന്നില്ലെന്നു പറയുന്ന മന്ത്രി ഈ ഗ്രഹത്തിലല്ലേ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ നിയമസഭയില്‍ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണ്.
കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതിനും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷം പറഞ്ഞതാണ്. ഹെലികോപ്ടറിനുള്ള പണം നല്‍കണമെന്ന് പറഞ്ഞപ്പോഴും പ്രതിപക്ഷം അതിനെ എതിര്‍ത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവരാണ് വയനാടിനെ കുറിച്ചുള്ള നീതികേടിനെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞത്.
ഇതൊന്നും കേള്‍ക്കാത്ത മന്ത്രിമാരുണ്ടെങ്കില്‍ അവരൊന്നും ഈ ഗ്രഹത്തിലല്ല ജീവിക്കുന്നതെന്നു പറയേണ്ടി വരും. കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍.ഡി.എഫിനൊപ്പം സമരം ചെയ്യുന്നതിനെ കുറിച്ച് മൂന്നു തവണ ആലോചിക്കേണ്ടി വരും. സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്. എല്‍.ഡി.എഫിനൊപ്പം സമരം ചെയ്യേണ്ട ആവശ്യമില്ല.
ചോദ്യ പേപ്പര്‍ ചോര്‍ച്ച എന്തൊരു അപമാനകരമായ സംഭവമാണ്. അതിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തത്? കേരളത്തില്‍ നിരന്തരമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാകുകയാണ്. ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭരണകക്ഷിയുമായി ബന്ധപ്പെട്ട അധ്യാപകസംഘടനയില്‍പ്പെട്ടവരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തുന്നത്. അതൊക്കെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ഒരു നടപടിയും എടുക്കാത്തത്.
സാമൂഹികസുരക്ഷാ പെന്‍ഷന്‍ ശമ്പളം വാങ്ങുന്ന ആയിരത്തി നാനൂറില്‍ അധികം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്തു വിടാത്തത്? ഗുരുതരമായ കുറ്റമല്ലേ അവര്‍ ചെയ്തത്. എന്നിട്ടും പേര് പറയില്ല. പേര് പറഞ്ഞാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ വലിയൊരു നിര അതിലുണ്ടാകും. അവരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളം വാങ്ങുന്നതിനൊപ്പം പാവങ്ങളുടെ പെന്‍ഷനും തട്ടിയെടുക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ഇവരുടെയൊക്കെ പേര് പറഞ്ഞാല്‍ നാട്ടുകാര്‍ കയറി തല്ലും. ചോദ്യകടലാസ് ചേര്‍ച്ചയ്ക്ക് പിന്നിലും ഇവരുടെ സംഘടനയില്‍പ്പെട്ടവര്‍ തന്നെയാണ്. സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ അന്വേഷിച്ചാല്‍ നവീന്‍ ബാബുവിന്റെ കേസ് അന്വേഷിച്ചതു പോലെയാകും. നവീന്‍ ബാബുവിന്റെ കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ കൊണ്ടുവരുമോയെന്നാണ് പേടി. സി.പി.എമ്മിനെ പല കാര്യങ്ങളും ഭയപ്പെടാനുണ്ട്.
മണിയാര്‍ വിഷയത്തിലും സര്‍ക്കാര്‍ എന്ത് മറുപടിയാണ് പറഞ്ഞത്. മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 25 കൊല്ലം കൊണ്ട് 500 കോടി രൂപ കിട്ടേണ്ട പദ്ധതിയാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. അഴിമതിയുടെ നീണ്ട കഥകളാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ അഴിമതികളില്‍ ഉള്‍പ്പെടെ യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ച് സമരത്തിലേക്ക് ഇറങ്ങും.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്ന എം. വിന്‍സെന്റ് എം.എല്‍.എയുടെ ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായി ഉന്നയിക്കും. അഴിമതി അന്വേഷിക്കുന്നത് സംബന്ധിച്ച് നിയമപരമായ മാര്‍ഗങ്ങളും തേടു.
പി.വി അന്‍വറിന്റെ പ്രവേശനം സംബന്ധിച്ച് ഒരു ചര്‍ച്ചയും ചെയ്തിട്ടില്ല. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.