ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കണമെന്ന് കെ‌.എസ്‌.യു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി,പ്ലസ്‌‌ വൺ, ക്രിസ്‌തുമസ് പരീക്ഷാ പേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധവുമായി കെ‌.എസ്‌.യു രംഗത്ത്. പരീക്ഷ റദ്ദാക്കണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തണമെന്നും കെ.എസ്‌.യു ആവശ്യപ്പെട്ടു. ഇത് അധ്യാപകരും സ്വകാര്യ ട്യൂഷൻ സെൻ്ററുകളും ചേർന്നു നടത്തുന്ന ഒത്തുകളിയാണ് ഇതെന്നും ആദ്യ സംഭവം അല്ലെന്നും, മുൻപ് ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കെ.എസ്‌.യു പറഞ്ഞു. പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും കെ.എസ്‌.യു ആരോപിച്ചു.

സ്വകാര്യ ട്യൂഷൻ സെന്റർ ലോബിയെ നിലക്ക് നിർത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ നടക്കുന്ന സാമ്പത്തിക നിക്ഷേപം, കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും, സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും കെ.എസ്‌.യു ആവശ്യപ്പെട്ടു.

ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കാൻ പോകുന്ന സർക്കാർ അധ്യാപകർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും കെ.എസ്‌.യു ആവശ്യപ്പെട്ടു. പരീക്ഷയുടെ തലേദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ചോദ്യങ്ങൾ വിശകലനം നടത്തുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ മേളകൾ സ്പോൺസർ ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.അതുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തത്. പരീക്ഷകൾ റദ്ദ് ചെയ്യില്ലെന്ന സർക്കാർ തീരുമാനം തിരുത്തണമെന്നും ,അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നും കെ.എസ്‌.യു അറിയിച്ചു.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. ചോദ്യപേപ്പർ ചോർത്തൽ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്. എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നെന്ന സ്ഥിരീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മാധ്യമങ്ങളെ കണ്ടത്. ചില യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും,വിഷയം ഗൗരവമായി കാണുന്നുവെന്നും, മന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Question paper leak: KSU wants to cancel the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.