എസ്.എന്‍.ഡി.പി യോഗത്തെ മറയാക്കി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെട്ടിക്കുന്ന മൈക്രോഫിനാന്‍സ് പണം ഒഴുകുന്നത് വിദേശത്തേക്കെന്ന് അദ്ദേഹത്തിന്‍െറ മുന്‍ സഹയാത്രികന്‍ വെളിപ്പെടുത്തുന്നു. ‘വെള്ളാപ്പള്ളിക്ക് അധഃസ്ഥിതരോടോ എസ്.എന്‍.ഡി.പി യോഗത്തോടോ എസ്.എന്‍ ട്രസ്റ്റിനോടോ ഒരു കരുതലും ഇല്ല. അദ്ദേഹത്തിന് താല്‍പര്യം പണത്തോട് മാത്രമാണ്. അതിനായി എന്തും ചെയ്യും, ഏതറ്റംവരെയും പോകും.
അദ്ദേഹത്തിന്‍െറ കൊടിയ അനീതികളെ എതിര്‍ത്തപ്പോള്‍ എന്നെയും പുറത്താക്കി’ -കിളിമാനൂര്‍ യൂനിയന്‍ മുന്‍ പ്രസിഡന്‍റ് കിളിമാനൂര്‍ ചന്ദ്രബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. 6000 ഓളം വരുന്ന എസ്.എന്‍.ഡി.പി ശാഖകള്‍ക്കായി വിവിധ ബാങ്കുകളില്‍നിന്ന് മൈക്രോഫിനാന്‍സ് ഇനത്തില്‍ തരപ്പെടുത്തിയത് കോടികളാണ്. അതെത്രയെന്ന് കൃത്യമായി പറയാന്‍ വെള്ളാപ്പള്ളിക്കുപോലും സാധിക്കില്ല.
യു.എ.ഇ, ഇംഗ്ളണ്ട്, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായി വെള്ളാപ്പള്ളിയുടെ കച്ചവടസാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു. ഹവാലയായാണ് പണം വിദേശത്തേക്ക് കടത്തുന്നത്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് അനധികൃത ഇടപാടുകളുടെ കാവല്‍ക്കാരന്‍. സമുദായ അംഗങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയ കണക്കില്‍പെടാത്ത സ്വത്ത് ഇന്ത്യയില്‍ സുരക്ഷിതമല്ല. അതിനാലാണ് വിദേശത്തേക്ക് കടത്തുന്നത്. ഇതേക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സിനും എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സ്വാധീനമില്ളെങ്കില്‍ വെള്ളാപ്പള്ളിക്ക് പിടിച്ചുനില്‍ക്കാനാകില്ല. അതിനാണ് അദ്ദേഹം ബി.ജെ.പിയെ കൂട്ടുപിടിക്കുന്നത്. ബി.ജെ.പിയുമായി സൗഹൃദം സ്ഥാപിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളല്ല, വാണിജ്യതാല്‍പര്യങ്ങള്‍ മാത്രമാണ്. ഇതു കാലം തെളിയിക്കും.
രണ്ടുശതമാനം ഈഴവരുടെ പോലും പിന്തുണയില്ലാത്ത വെള്ളാപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലൂടെയാണ് കോടികള്‍ തട്ടുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പിന് ആരു തടസ്സം നിന്നാലും അവരെ കായികമായി നേരിടും. കൊല്ലത്ത് നടന്ന യോഗത്തില്‍ വിമതശബ്ദം ഉയര്‍ത്തിയവരെ തുഷാറും സംഘവും തല്ലിച്ചതച്ചതിന് ആയിരങ്ങള്‍ സാക്ഷിയാണ്. ഒന്നിലധികംപേര്‍ ശബ്ദിച്ചാലോ ഭൂരിപക്ഷം നഷ്ടമാകുമെന്ന സ്ഥിതി വന്നാലോ യൂനിയന്‍ തന്നെ പിരിച്ചുവിടും. ഏതെങ്കിലും ആജ്ഞാനുവര്‍ത്തിയെ അഡ്മിനിസ്ട്രേറ്ററായി കൊണ്ടുവരും. അഡ്മിനിസ്ട്രേറ്റര്‍ക്ക് സമ്പൂര്‍ണ സാമ്പത്തികസ്വാതന്ത്ര്യമാണുള്ളത്. അടൂര്‍ യൂനിയനില്‍നിന്ന് ആറുകോടിയിലേറെ രൂപ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്‍െറ അക്കൗണ്ടിലേക്ക് മാറ്റി. ഈ സാഹചര്യത്തിലാണ് അടൂരില്‍ തുഷാറിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
ഇപ്പോള്‍ അടൂര്‍ യൂനിയനും അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്. അമ്പലപ്പുഴ, കിളിമാനൂര്‍ യൂനിയനുകളിലും ഇതൊക്കെതന്നെയാണ് സംഭവിക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന തിരിമറി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ അവിടെ യൂനിയന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതികളും കേസുകളും വെള്ളാപ്പള്ളിക്കെതിരെ ഉയരുമെന്നും ചന്ദ്രബാബു പറയുന്നു.
വയനാട് ഇല്ലാത്ത ‘ഉജാല’ കമ്പനിക്ക് വായ്പ ...
വയനാട് പുല്‍പള്ളി യൂനിയനു കീഴിലെ അരഡസനോളം സ്വാശ്രയസംഘാംഗങ്ങള്‍ അറിയാതെ പുല്‍പള്ളി യൂനിയന്‍ ഭാരവാഹികള്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. ഓരോ സംഘത്തിന്‍െറ പേരിലും രണ്ടുലക്ഷം വീതമാണ് വായ്പയായി അടിച്ചെടുത്തത്. ഇതില്‍ അണാപൈസ സംഘാംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ‘ഉജാല’ കമ്പനി, സോപ്പുകമ്പനി, മെഴുകുതിരി ഫാക്ടറി എന്നിവ തുടങ്ങാനെന്ന പേരിലാണ് പണം തരപ്പെടുത്തിയത്. സ്വാശ്രയസംഘങ്ങള്‍ക്കുകീഴില്‍ ആരംഭിച്ച നിര്‍മാണ യൂനിറ്റുകള്‍ പരിശോധിക്കാന്‍ മീനങ്ങാടിയിലെ പിന്നാക്ക വികസന കോര്‍പറേഷന്‍ മേഖല ഓഫിസില്‍നിന്ന് അധികൃതര്‍ എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ‘ഗുരുജ്യോതി ‘ സ്വാശ്രയസംഘം കമ്മിറ്റിയംഗം വിജയലക്ഷ്മി രാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. വായ്പ എടുത്തിട്ടില്ളെന്ന് കട്ടായം പറഞ്ഞ സംഘാംഗങ്ങള്‍ ഉദ്യോഗസ്ഥരോട് തെളിവും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ലോണ്‍ അപേക്ഷ കാട്ടിക്കൊടുത്തു. സംഘത്തിന്‍െറ ഗ്രൂപ് ഫോട്ടോ, ഒപ്പ്, സീല്‍ എല്ലാം പതിപ്പിച്ച അപേക്ഷ കണ്ട വനിതകള്‍ വിരണ്ടു. കുടുംബശ്രീ വാര്‍ഷികത്തിന് എടുത്ത ഫോട്ടോയാണ് വായ്പക്കായി ഉപയോഗിച്ചത്. തങ്ങള്‍ അറിയാതെ ആരോ വ്യാജരേഖകള്‍ ചമച്ച് വായ്പ തരപ്പെടുത്തിയെന്ന് ബോധ്യമായ അംഗങ്ങള്‍ കോര്‍പറേഷന്‍ ഓഫിസില്‍ ചെന്ന് രേഖകള്‍ പരിശോധിച്ചു. ഭാഗ്യമെന്നേ പറയാനുള്ളൂ, വായ്പക്ക് പിന്നില്‍ ചുറ്റിക്കളി നടന്നെങ്കിലും തിരിച്ചടവ് കൃത്യമായിരുന്നു. ഏതായാലും, തങ്ങളുടെ പേരില്‍ വ്യാജരേഖ ചമച്ച് ലോണ്‍ എടുത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പുല്‍പള്ളി പൊലീസ് സ്റ്റേഷനിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ഇതറിഞ്ഞ യൂനിയന്‍ നേതൃത്വം തിരിമറിയില്‍ പങ്കില്ളെന്ന് വ്യക്തമാക്കി. സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ വായ്പയുടെ ബാധ്യത മറ്റേതോ സ്വയംസഹായസംഘത്തിന്‍െറ പേര്‍ക്ക് മാറ്റിക്കൊടുത്തു.
യൂനിയന് വായ്പയുമായി ബന്ധമില്ളെങ്കില്‍ എന്തിന് മറ്റുള്ളവരുടെ പേരില്‍ വായ്പമാറ്റാന്‍ മുന്‍കൈയെടുത്തു എന്ന ചോദ്യത്തിന് ഉത്തരമില്ല. അങ്ങനെ, ഉത്തരം കിട്ടാത്ത ആയിരക്കണക്കിന് ചോദ്യങ്ങളുമായി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേരളത്തില്‍ തഴച്ചുവളരുകയാണ്. വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുമ്പോഴും അതെല്ലാം വ്യക്തികളുടെ പ്രശ്നമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് കാട്ടുകയാണെന്നും വെള്ളാപ്പള്ളി നടേശനും സംഘവും ആവര്‍ത്തിക്കുന്നു. 14 ജില്ലകളില്‍ അങ്ങോളമിങ്ങോളം ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അതിനെ എങ്ങനെയാണ് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ സാധിക്കുക? വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രാദേശികമായി ലഭിച്ച പരാതികള്‍ അട്ടിമറിക്കപ്പെടുകയോ എങ്ങുമത്തൊതാവുകയോ ചെയ്യുമ്പോള്‍ തട്ടിപ്പിന്‍െറ ചുരളഴിയുമെന്ന് പ്രത്യാശിക്കാന്‍ തരമില്ല. ഈ സാഹചര്യത്തിലാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറിയ പരാതി പ്രസക്തമാകുന്നത്. ഇതിലും അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ കോടതികളില്‍ പ്രത്യാശ അര്‍പ്പിക്കാനേ തരമുള്ളൂ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.