വിവാദപ്രസംഗം: ജിജി തോംസണെതിരെ പൊലീസില്‍ പരാതി

കോട്ടയം: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നായര്‍ യൂത്ത്മൂവ്മെന്‍റ് പൊലീസില്‍ പരാതി നല്‍കി. നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് അനീഷ് മുരളീധരനാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കോട്ടയം പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷസമാപനസമ്മേളനത്തില്‍ പങ്കെടുത്ത ജിജി തോംസണ്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ പദവിക്ക് ചേരാത്തവിധം പ്രകോപനപരമായ പ്രസംഗമാണ് നടത്തിയത്. തനിക്കും വിശ്വാസികള്‍ക്കും ക്രിസ്തുവിന്‍െറ സുവിശേഷം പ്രചരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ബാധ്യതയുണ്ടെന്ന് പറഞ്ഞത് മതസ്പര്‍ധക്ക് ഇടയാക്കുന്നു. ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് നടത്തിയ പ്രസംഗം സര്‍വിസ് ചട്ടങ്ങളുടെ ഗുരുതരലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജിജി തോംസണ്‍ മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തിട്ടില്ല –ഓര്‍ത്തഡോക്സ് സഭ
പഴയ സെമിനാരി ദ്വിശതാബ്ദിയോടനുബന്ധിച്ച് നടന്ന വിശ്വാസികളുടെ സംഗമത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്  ഖേദകരമാണെന്ന് ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.ഒ. തോമസ്. മാധ്യമപ്രവര്‍ത്തകരും ഏതാനും ചില സുഹൃത്തുക്കളുമൊഴിച്ചാല്‍ അത്  മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെയും വിശ്വാസികളുടെയും സംഗമമായിരുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിലല്ല, സഭാംഗം എന്നനിലയിലാണ് സംസാരിക്കുന്നതെന്ന് അദേഹം തുടക്കത്തില്‍ പറഞ്ഞിരുന്നു.

മതപരിവര്‍ത്തനമെന്നോ മതപ്രചാരണമെന്നോ ഉള്ള  വാക്കുകളൊന്നും പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇത് സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടത്തൊന്‍ കഴിയും.  ശ്രീനാരായണ ഭക്തരുടെ യോഗത്തില്‍ ഗുരു സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നു പറഞ്ഞാല്‍ അത് വര്‍ഗീയതയാണോ? ശ്രീരാമ, ശ്രീകൃഷ്ണ ഭക്തരുടെ യോഗത്തില്‍ രാമായണ, ഭാഗവത സന്ദേശം പ്രചരിപ്പിക്കണമെന്ന് പറഞ്ഞാല്‍ മതപരിവര്‍ത്തനത്തിനുള്ള ആഹ്വാനമാണോ? വാസ്തവം ഇതായിരിക്കെ ചിലര്‍ ചീഫ് സെക്രട്ടറിയെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഫാ. ഡോ. ഒ. തോമസ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.