ഡൽഹി ബലാൽസംഗ കേസ്: ശിക്ഷാകാലാവധി കഴിഞ്ഞ പ്രതിയെ വിട്ടയച്ചേക്കില്ല

ന്യൂഡൽഹി: ഡൽഹി ബലാൽസംഗ കേസിലെ ശിക്ഷാകാലാവധി കഴിഞ്ഞ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയക്കില്ലെന്ന് സൂചന. കുറ്റകൃത്യം നടക്കുന്ന സമയത്ത് 18 വയസ് പൂർത്തിയാകാത്തതിനാൽ ഇളവ് ലഭിച്ച പ്രതിയുടെ ശിക്ഷാകാലാവധി ഡിസംബർ 22ന് പൂർത്തിയാകാനിരിക്കെ ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ഇപ്പോൾ 21വയസായ പ്രതിക്ക് സന്നദ്ധസംഘടനയുടെ കീഴിൽ തൊഴിലധിഷ്ഠിത പരിശീലനം നൽകാനാണ് അധികൃതർ ആലോചിക്കുന്നത്.

2012ൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് വിദ്യാർഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്ത പ്രതിക്കെതിരെ ശക്തമായ ജനരോഷമാണുള്ളത്. ഈ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ നിയമത്തിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രതിയെ ജയിലിൽ നിന്നും വിട്ടയക്കാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഡൽഹി പൊലീസ് ആരായുന്നുണ്ട്.

അതേസമയം, പ്രതിയെ സ്വതന്ത്രനാക്കരുത് എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിലും കോടതിയിലും ദേശീയ മനുഷ്യാവകാശ കമീഷനിലും 'നിർഭയ'യുടെ മാതാപിതാക്കൾ പരാതി നൽകി. ഈ കുറ്റവാളി സമൂഹത്തിനാകെ ആപത്താണെന്ന് മാതാപിതാക്കൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഇയാളായിരുന്നു മകളോട് ഏറ്റവും നീചമായ രീതിയിൽ പെരുമാറിയത്. മകളുടെ മരണത്തിന് കാരണമായതും ഇയാളുടെ നിഷ്ഠൂരമായ ആക്രമണമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. സമൂഹത്തിന് തന്നെ ഭീഷണിയാണ് പ്രതിയെന്നും അതിനാൽ സ്വതന്ത്രനാക്കരുതെന്നുമാണ് ഇവരുടെ അഭിപ്രായം.

ലൈംഗിംക കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ ശിക്ഷ കഴിഞ്ഞും നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾ നിശ്ചിത കാലയളവിൽ പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.

സംഭവം നടക്കുന്ന സമയത്ത് 18 വയസ് പൂർത്തിയാകാത്ത പ്രതിക്ക് പ്രായത്തിന്‍റെ ആനുകൂല്യം മൂലം മൂന്നു വർഷത്തെ തടവാണ് ലഭിച്ചത്. ഇയാൾ ചെയ്ത നീചമായ കുറ്റകൃത്യത്തിന് ലഭിച്ച ചെറിയ ശിക്ഷയാണിതെന്നും അതിനാൽ ജുവനൈൽ നിയമത്തിൽ മാറ്റം വരുത്തണമെന്നും പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഈ കേസിലെ മറ്റു നാല് പ്രതികളെ വധശിക്ഷക്കാണ് കോടതി വിധിച്ചത്. ഒരു പ്രതിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.