ചന്ദ്രബോസ് വധം: നിസാമിന്‍െറ വിസ്താരം ചൊവ്വാഴ്ച മുതല്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ 31 നാള്‍ നീണ്ട പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രതി മുഹമ്മദ് നിസാമിനെ ചൊവ്വാഴ്ച മുതല്‍ ചോദ്യം ചെയ്യും.
കേസ് വിചാരണ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 17 വരെയുള്ള 21 ദിവസങ്ങളിലായി നടത്താനാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റിച്ചാണ് വിചാരണ പുരോഗമിച്ചത്. കേസിലെ പ്രധാന തെളിവ് കൂടിയായ ആദ്യ ദൃക്സാക്ഷി അനൂപിന്‍െറ മൊഴിമാറ്റവും അത് തിരുത്തലുമായി തുടക്കം തന്നെ സമയം നീണ്ടു. അവസാന സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്‍െറ വിസ്താരം ആറ് ദിവസമാണ് നടന്നത്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 111 സാക്ഷികളില്‍ പലരെയും ഒഴിവാക്കി 23 ആക്കി ചുരുക്കി. എട്ടാം സാക്ഷിയായിരുന്ന നിസാമിന്‍െറ ഭാര്യ അമല്‍ വിസ്താരത്തിനിടെ കൂറുമാറി.
ബുധനാഴ്ചയോടെ നിസാമിന്‍െറ വിസ്താരം അവസാനിക്കും. പിന്നീട് പ്രതിഭാഗത്തിന്‍െറ സാക്ഷിപ്പട്ടിക കൈമാറും. ഇതിനായി വീണ്ടും വിചാരണ തീയതി ക്രമീകരിക്കും.  
 വിസ്താരത്തിന് ശേഷം ഈമാസം അവസാനത്തോടെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.