മൈക്രോഫിനാന്‍സ് ഇടപാടിലെ ക്രമക്കേട്: വി.എസിന്‍െറ ഹരജി സ്വീകരിച്ചു

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം നടത്തുന്ന മൈക്രോഫിനാന്‍സ് ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ജനുവരി ആറിന് വിജിലന്‍സ് നിലപാട് അറിയിക്കാന്‍ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്‍റ് ഡോ. എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്കവികസനകോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി. ഗൂഢാലോചന, വഞ്ചന, വ്യാജരേഖചമക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, വ്യാജകണക്ക് സമര്‍പ്പിക്കല്‍, അഴിമതിനിരോധനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വിധി വരുമ്പോള്‍ കുലംകുത്തിയാരെന്ന് വ്യക്തമാകുമെന്ന് കോടതിയില്‍ നേരിട്ടത്തെി ഹരജി സമര്‍പ്പിച്ചശേഷം വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നാക്ക വികസന കോര്‍പറേഷന്‍ വഴി ദേശസാത്കൃത ബാങ്കുകളില്‍നിന്ന് സ്വയംസഹായസംഘങ്ങള്‍ക്ക് കൊടുക്കാനായാണ് എസ്.എന്‍.ഡി.പി യോഗം പണമെടുത്തത്. പരമാവധി അഞ്ചുശതമാനം പലിശക്ക് കൊടുക്കേണ്ട പണം 12 മുതല്‍ 18ശതമാനം വരെ പലിശക്ക് നല്‍കിയതായും പലര്‍ക്കും യഥാര്‍ഥത്തില്‍ പണം ലഭിച്ചില്ളെന്നും ആരോപിക്കുന്നു. 2004 മുതല്‍ 2015 വരെ കാലയളവില്‍ എതിര്‍കക്ഷികള്‍ വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും ഇത് വിശദമായി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.