തിരുവനന്തപുരം: പി.എം ഉഷ പദ്ധതിയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് 405 കോടി ലഭിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. നാക് പരിശോധനകളിലും എൻ.ഐ.ആർ.എഫ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനിൽക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമടക്കമാണ് ആകെ 405 കോടി രൂപ കേരളത്തിന് ലഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതലാണിത്. മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് വിഭാഗത്തിൽ കേരള സർവ്വകലാശാല, കലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നതവിദ്യാഭ്യാസ കുതിപ്പിൽ കൂടുതൽ പിന്തുണയർഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നൽകുകയെന്ന നയത്തിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയത്.
ഗ്രാന്റ്സ് ടു സ്ട്രെങ്തൻ യൂണിവേഴ്സിറ്റീസ് വിഭാഗത്തിൽ എം.ജി സർവ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. ഗ്രാന്റ്സ് ടു സ്ട്രെങ്തൻ കോളേജസ് വിഭാഗത്തിൽ 11 കോളജുകൾക്ക് അഞ്ചു കോടി രൂപ വീതം ലഭിക്കും. ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഇക്വിറ്റി വിഭാഗത്തിൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് 10 കോടി രൂപ വീതവും ലഭിക്കും. മൊത്തം തുകയുടെ അറുപതു ശതമാനം കേന്ദ്ര സർക്കാരും നാല്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവഴിക്കുക.
പി.എം ഉഷ പദ്ധതിയുടെ പൂർവ്വരൂപമായ 'റൂസ'യുടെ റൂസ-ഒന്ന് പദ്ധതിയിൽ 194 കോടി രൂപയും, റൂസ-രണ്ട് പദ്ധതിയിൽ 366 കോടിയും കേരളത്തിന് ലഭിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പാശ്ചാത്തലസൗകര്യ വികസനത്തിൽ കേരളം നേടിയെടുത്ത വൻ കുതിപ്പാണ് ഇത്തവണ ഉയർന്ന തുക ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഏജൻസിയായ നാക് പരിശോധനയിൽ കേരള, എം.ജി സർവ്വകലാശാലകൾക്ക് രാജ്യത്തെ ഉയർന്ന ഗ്രേഡ് ആയ എ ഡബിൾ പ്ലസ് ലഭിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത, കൊച്ചി സർവ്വകലാശാലകൾക്ക് എ പ്ലസും ലഭിച്ചു. സംസ്ഥാനത്തെ 269 കോളജുകൾക്ക് നാക് അംഗീകാരം ലഭിച്ചപ്പോൾ, 27 കോളജുകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ ഡബിൾ പ്ലസ് സ്വന്തമായി.
രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളിൽ 42 എണ്ണം കേരളത്തിൽ നിന്നാണിപ്പോൾ. ആദ്യത്തെ നൂറിൽ 16 കോളജുകൾ കേരളത്തിലുള്ളവയാണ്. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് രാജ്യത്തെ മികച്ച ഇരുപതാമത്തേയും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് ഇരുപത്തിരണ്ടാമത്തേയും കോളജുകളായി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.