വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍.എസ്.എസ്-ബി.ജെ.പി പദ്ധതി -പ്രകാശ് കാരാട്ട്

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍െറ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആര്‍.എസ്.എസ്- ബി.ജെ.പി പദ്ധതിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാത്ത ആ കൂട്ടുകെട്ട് സി.പി.എമ്മിന് ഒരുനിലക്കും ഭീഷണിയല്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ എങ്ങനെയെങ്കിലും വേരുറപ്പിക്കുകയാണ് ആര്‍.എസ്.എസിന്‍െറ ലക്ഷ്യം. അതിനാണ് സമുദായ പാര്‍ട്ടികളെ  ഉപയോഗിച്ച് അത്യന്തം അപകടകരമായ ജാതികാര്‍ഡ് കളിക്കുന്നത്. വെള്ളാപ്പള്ളിയുടെ പഴയ എസ്.ആര്‍.പിയുടെ അനുഭവം തന്നെയാണ് പുതിയ പാര്‍ട്ടിക്കുമുണ്ടാകുക. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിരാഷ്ട്രീയത്തിന് ഇവിടെ വലിയ സാധ്യതയില്ല. രാജ്യത്ത് മുഴുവന്‍ അസഹിഷ്ണുത പടര്‍ത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയാണ് ആര്‍.എസ്.എസ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചിരിക്കയാണ്. അന്തിമ വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിരിക്കെയാണ് ഈ വെല്ലുവിളി. മതേതരത്വം എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും പറയുന്നു. മതധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം പരാമര്‍ശങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. രാജ്യത്ത് കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിരിക്കെ ബീഫും പശുവുമൊക്കെയാണ് കേന്ദ്ര സര്‍ക്കാറിന് പ്രധാനം. ഇത് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കാരാട്ട് പറഞ്ഞു. ചെന്നൈ പ്രളയ ബാധിതരെ സഹായിക്കുന്നതിന് ഡിസംബര്‍ ഒമ്പതിന് പാര്‍ട്ടി ഫണ്ട് സമാഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.