മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും ഉയർന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു

കുമളി: മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ വീണ്ടും തുറന്നു. മൂന്ന് ഷട്ടറുകൾ അര അടി വീതമാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതാണ് കാരണം.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3381 ഘനയടി ജലമാണ്. സെക്കൻഡിൽ 1770 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അതിനിടെ, ജലനിരപ്പ് താഴ്ത്താമെന്ന് തേനി കലക്ടർ വാക്കാൽ സമ്മതിച്ചതായി ഇടുക്കി കലക്ടർ രതീശൻ മാധ്യമങ്ങളെ അറിയിച്ചു. 140 അടിയിൽ നിലനിർത്താമെന്നാണ് സമ്മതിച്ചത്. പകൽ സമയം കൂടുതൽ ജലം ഒഴുക്കി വിടാമെന്ന് ഉറപ്പ് നൽകിയതായും ഇടുക്കി കലക്ടർ പറഞ്ഞു.

പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂട്ടം നൽകിയിട്ടുണ്ട്. സ്പിൽവേ ഷട്ടർ തുറന്നതിനെ തുടർന്ന് അണക്കെട്ടിന് സമീപത്തെ ആറു വീടുകൾ വെള്ളം കയറി. എന്നാൽ, ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ പ്രദേശവാസികൾ തയാറായിട്ടില്ല. കന്നുകാലികളും ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.67 അടിയായി താഴ്ന്നതിനെ തുടർന്ന് അധിക ജലം ഒഴുക്കി കളയാൻ തിങ്കളാഴ്ച രാത്രി തുറന്ന എട്ട് സ്പിൽവേ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ അടച്ചിരുന്നു. ഇന്നലെ സ്പീൽവേ ഷട്ടറുകൾ തുറന്ന് ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 4200 ഘനയടിയും തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2100 ഘനയടി ജലമാണ് ഒഴുക്കിയത്.

അതേസമ‍യം, മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടർ തുറന്ന തമിഴ്നാടിന്‍റെ നടപടി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഷട്ടർ ഉയർത്തുന്ന വിവരം 12 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് തേനി കലക്ടറോട് ഇടുക്കി കലക്ടർ അറിയിച്ചിരുന്നു. എന്നാൽ, രാത്രി ഏഴരക്ക് ഒന്നാമത്തെ ഷട്ടർ ഉയർത്തുന്ന സമയത്താണ് വിവരം ഇടുക്കി കലക്ടറെ അറിയിക്കുന്നത്. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് പോലും വിലകൽപ്പിക്കാത്ത തമിഴ്നാടിന്‍റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് നിയമസഭയെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.