റൈജേഷിനിത് പുനര്‍ജന്‍മം

കോഴിക്കോട് : ഒരു നിമിഷം കൊണ്ട് നഷ്ടമായത് 17മണിക്കൂറിനുള്ളില്‍തിരിച്ചു കിട്ടിയ കഥയാണ് പിണറായി സ്വദേശി റൈജേഷിന് പറയാനുള്ളത്. നവംബര്‍ 23ന് ഉച്ചക്ക് ഒരുമണി സമയം. രാഷ്ട്രീയ പകപോക്കലിനിടെ 33കാരനായ റൈജേഷിന്‍െറ കണങ്കൈ വെട്ടേറ്റു വീഴുന്നു. ഓടിക്കൂടിയവര്‍ റൈജേഷിനേയും അറ്റുവീണ കൈയും എടുത്ത് തലശ്ശേരി ഇന്ദിരാഗാന്ധി കോ -ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക്. അവിടെ നിന്ന് നേരെ ബേബി മെമ്മോറിയലിലേക്ക്. വൈകീട്ട് ആറോടു കൂടി ബേബിമെമ്മോറിയലിലത്തെി. ഏഴിന് ശസ്ത്രക്രിയ തുടങ്ങി.
10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍മാര്‍ റൈജേഷിന് തിരികെ നല്‍കിയത് വലതുകൈ മാത്രമല്ല; ജീവിതം കൂടിയാണ്.  പ്ളാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. കെ.എസ്. കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ അസ്ഥിരോഗ വിഭാഗം, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തത്. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുവരെ നീണ്ട മൈക്രോ വാസ്കുലാര്‍ ശസ്ത്രക്രിയയില്‍ കൈ നിര്‍ജീവമാകാതിരിക്കാന്‍  30ഓളം നാഡികള്‍ തുന്നിച്ചേര്‍ത്തു. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാരുടെ സഹായത്തോടെ എല്ലുകളും കൂട്ടിയോജിപ്പിച്ചു. തുടര്‍ന്ന് 48 മണിക്കൂറിനുശേഷം ചലനവള്ളികളും മറ്റ് അത്യന്താപേക്ഷിതമല്ലാത്ത നാഡികളും തുന്നിച്ചേര്‍ത്തു.
മൈക്രോസ്കോപ്പിലൂടെ കണ്ടു മാത്രം നടത്താവുന്ന ശസ്ത്രക്രിയയില്‍ പ്ളാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ നിന്ന് ഡോ. സാജു, ഡോ. ആനന്ദ്, ഡോ. ശാന്തി, ഡോ. സുബിന്‍, ഡോ. രാജേഷ് അസ്ഥിരോഗ വിഭാഗത്തില്‍ നിന്ന് വിഭാഗം മേധാവി പ്രഫ.എന്‍.ജെ മാണിയുടെ നേതൃത്വത്തില്‍ ഡോ.മുരളി, ഡോ.വിനോദ്, അനസ്തറ്റിസ്റ്റ് ഡോ.രാമദാസനും സംഘവുമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്.
ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ കൈയനക്കാന്‍ കഴിഞ്ഞെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടുമാസത്തോളം ഫിസിയോതെറാപ്പി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് കണ്ടക്ടറായ റൈജേഷ് അവിവാഹിതനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.