നിലമ്പൂർ: നോർത്ത് ഡി.എഫ്.ഒ ഓഫിസ് തകർത്ത സംഭവത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പുറത്ത്. അക്രമികൾ പൊലീസിനെ നിലത്തിട്ട് ചവിട്ടിയെന്നും ആക്രമണത്തിൽ 35,000 രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവസമയത്ത് പി.വി. അൻവർ എം.എൽ.എ ഓഫിസിനുള്ളിൽ ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ പ്രേരണയിലാണ് ആക്രമണം നടന്നത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താൻ ആസൂത്രണം ചെയ്തെന്നും അതിക്രമം നടത്തിയെന്നും ഒന്നു മുതൽ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തിൽ പങ്കാളികളായതെന്നും റിപ്പോർട്ടിലുണ്ട്.
ഇവർ പൊലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടമുണ്ടായി. പി.വി. അൻവർ മറ്റ് നാല് കേസുകളിൽ പ്രതിയാണ്. സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രവൃത്തി. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നതും ഒഴിവാക്കാനാണ് അറസ്റ്റ് ചെയ്തത്.
എം.എൽ.എ ആയതിനാൽ വിവരം നിയമസഭ സ്പീക്കറെ അറിയിക്കാനുള്ള നടപടി സ്വീകരിച്ചു. ജാമ്യം ലഭിച്ചാൽ ഒളിവിൽപോകാൻ സാധ്യതയുണ്ട്. പൊലീസിന്‍റെ ഫോൺ ചോർത്തൽ, ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്തെ പെരുമാറ്റച്ചട്ട ലംഘനം, നിലമ്പൂർ പൊലീസ് സ്റ്റേഷനിലുള്ള മറ്റ് കേസുകൾ തുടങ്ങിയവയെക്കുറിച്ചും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.