ഗതാഗതം തടസ്സപ്പെടുത്തിയാൽ സ്വമേധയാ കേസ് -ഹൈകോടതി

കൊച്ചി: ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികളിൽ സ്വമേധയാ കേസ് എടുക്കുമെന്നും നടപടിക്ക് സർക്കാറിന് കഴിയാത്തതിനാലാണ് ഇടപെടലെന്നും ഹൈകോടതി. തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കെട്ടിയടച്ച് ജനുവരി മൂന്നിന് നടത്തിയ ജ്വാല വനിതാ ജങ്ഷൻ പരിപാടിയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയെടുക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി.

സംസ്ഥാന സ്കൂൾ കലോ‌ത്സവച്ചടങ്ങിൽ ഡബിൾ ഡെക്കർ ബസിൽ കുട്ടികളെ കുത്തിനിറച്ചതിനെയും കോടതി വിമർശിച്ചു. വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സി.പി.എം ഏരിയ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് പരാമർശങ്ങൾ. പൊതു ഇടങ്ങൾ വനിതകളുടേതുകൂടിയെന്ന സന്ദേശവുമായി ബാലരാമപുരം പഞ്ചായത്ത് നടത്തിയ പരിപാടിക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണനാണ് ഉദ്ഘാടനം ചെയ്തത്. നിയമലംഘനത്തിന് പൊലീസ് കൂട്ടുനിന്നതായി ഹരജിക്കാരനായ മരട് സ്വദേശി എൻ. പ്രകാശ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം-ബാലരാമപുരം റോഡ് തടസ്സപ്പെടുത്തി നടന്ന പരിപാടി കോടതിയുടെയും സർക്കാറിന്‍റെയും മുൻ ഉത്തരവുകളുടെ ലംഘനമാണ്.

മുൻകൂർ നോട്ടീസ് നൽകാതെ തടസ്സങ്ങൾ പൊളിച്ചുനീക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും സർക്കാർ ഇടപെടുന്നില്ല. സർക്കാറിന് മുന്നിൽ പരസ്യമായ നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുക്കുന്നത്. ബാലരാമപുരം സംഭവത്തിലെ കോടതിയലക്ഷ്യക്കേസിൽ സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ആഭ്യന്തര-തദ്ദേശ സെക്രട്ടറിമാർ, ഗതാഗത കമീഷണർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ കക്ഷികളാകും. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഡബിൾ ഡെക്കർ ബസിൽ കുട്ടികളെ കുത്തിനിറച്ച് പ്രദർശിപ്പിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോടതി വിമർശിച്ചു.

ബസിന് മുകളിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്ത ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിയായിരുന്നപ്പോഴാണ് സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വടകരയിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത് 19,000 വണ്ടികൾ നിരീക്ഷിച്ചശേഷമാണെന്നും കൊച്ചിയിൽ സ്റ്റേജിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ എം.എൽ.എയെ എടുത്തുകൊണ്ടുപോയത് അശാസ്ത്രീയമായാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിൽ മാത്രമേ ഇതൊക്കെ കാണാനാവൂവെന്നും കോടതി വിമർശിച്ചു.

Tags:    
News Summary - Voluntary case in case of obstruction of traffic - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.