വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാത്തത് അപേക്ഷ നല്‍കാത്തതുകൊണ്ട് –ധര്‍മവേദി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിനും എസ്.എന്‍ ട്രസ്റ്റിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാത്തത്      അപേക്ഷ നല്‍കാത്തതുകൊണ്ടാണെന്ന് ശ്രീനാരായണ ധര്‍മവേദി. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം കഴിഞ്ഞ 20 വര്‍ഷമായി വിവിധ സര്‍ക്കാറുകള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.  ഒരു കോളജ് പോലും ചോദിച്ചില്ല. അപേക്ഷയും നല്‍കിയിട്ടില്ല. സമുദായത്തിന്‍െറ ആവശ്യം നേതൃത്വം അവഗണിക്കുകയായിരുന്നു. വെള്ളാപ്പള്ളിയുടെ പേരില്‍ കോളജ് കിട്ടിയിട്ടും ട്രസ്റ്റ് എന്തുകൊണ്ട് കോളജ് തുടങ്ങിയില്ല. സമുദായത്തിന്‍െറ ആവശ്യങ്ങളല്ല സര്‍ക്കാറില്‍നിന്ന് നേടിയതെന്ന് ഭാരവാഹികളായ ഗോകുലം ഗോപാലനും ബിജു രമേശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശംഖുംമുഖത്ത് നടന്ന സമ്മേളനത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെ സമുദായങ്ങളിലെ എത്ര പേര്‍ പങ്കെടുത്തെന്ന് പറയണം. മൈക്രോഫിനാന്‍സില്‍ പണം നല്‍കുന്നവരെയും പാര്‍ശ്വവൃത്തികളെയുമാണ് ജാഥക്ക് കൊണ്ടുവന്നത്.
അഹങ്കാരത്തിന്‍െറയും ഏകാധിപത്യത്തിന്‍െറയും ആള്‍രൂപമായ വെള്ളാപ്പള്ളിയുടെ ഭാരത് ധര്‍മ ജനസേനക്ക് വെള്ളാപ്പള്ളി ധര്‍മസേന എന്ന പേരാണ് ഇടേണ്ടത്. കെ.പി.എം.എസ് നേതാവ് ബാബുവിനും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിയും പാര്‍ട്ടിയില്‍ എന്ത് സ്ഥാനമാണെന്നും അവര്‍ ചോദിച്ചു.
എസ്.എന്‍ കോളജുകളിലെ 20 ശതമാനം സീറ്റില്‍ പണം കൊടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശം. അവിടെ ജാതിയും മതവുമില്ല. 45 ലക്ഷം വരെയാണ് നിരക്ക്. സ്വന്തം സ്ഥാപനങ്ങളിലെ നിയമനങ്ങള്‍  പി.എസ്.സിക്ക് വിട്ട് മാതൃക കാണിക്കാന്‍ എന്തുകൊണ്ട് തയാറാകുന്നില്ല.
മൈക്രോഫിനാന്‍സ് അടക്കമുള്ള കേസുകളില്‍ കുടുങ്ങും എന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാറുമായി സഖ്യത്തിന് ശ്രമിച്ചത്. ഹിന്ദുക്കളെല്ലാം ഒപ്പമാണെന്ന് വരുത്താനാണ് ശ്രമം. ധര്‍മവേദി എന്ന പേരില്‍ ചിലരെക്കൊണ്ട് പുതിയ സംഘടന രജിസ്റ്റര്‍ ചെയ്യിച്ചതിന് പിന്നിലും വെള്ളാപ്പള്ളിയാണ്. ധര്‍മവേദി പിളര്‍ന്നിട്ടില്ല. പുറത്തുപോയ ചിലരെ ഉപയോഗിച്ച് വെള്ളാപ്പള്ളി നടത്തുന്ന തരംതാണ ശ്രമമാണ് കഴിഞ്ഞദിവസം ധര്‍മവേദിയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.