പ്രവാസികള്‍ക്ക് എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരണം; ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെ എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുന്ന പ്രവാസി ഭാരതീയര്‍ (കേരളീയര്‍) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്മെന്‍റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരെയുള്ള അന്യായ നടപടികള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമീഷന്‍െറ ചുമതലകള്‍. നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച ബില്‍  ചര്‍ച്ചക്ക്ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഹൈകോടതി റിട്ട. ജഡ്ജ് ആയിരിക്കും കമീഷന്‍െറ ചെയര്‍മാന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ വിരമിച്ച റിട്ട. ഐ.എ.എസ് ഓഫിസറും രണ്ട് എന്‍.ആര്‍.ഐക്കാരും അംഗങ്ങളായിരിക്കും. ജോയന്‍റ് സെക്രട്ടറി റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിങ് നടക്കും. മൂന്ന് വര്‍ഷമായിരിക്കും കമീഷന്‍ അംഗങ്ങളുടെ കാലാവധി. ഒരു തവണ പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടാകും. വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍  തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കമീഷനുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സര്‍ക്കാറിന്‍െറ അഭ്യര്‍ഥന പ്രകാരമോ കമീഷന് അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. നിശ്ചിത തുക ഗ്രാന്‍റായി സര്‍ക്കാര്‍ കമീഷന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഈ സാമ്പത്തികവര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

നോര്‍ക്കയിലെ തട്ടിപ്പ്  അറിയിച്ചാല്‍ നടപടി –മന്ത്രി കെ.സി. ജോസഫ്
തിരുവനന്തപുരം: നോര്‍ക്കയിലെ തട്ടിപ്പിനെക്കുറിച്ച് രഹസ്യമായി പേര് വിവരം നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.സി. ജോസഫ്. പ്രവാസി ഭാരതീയര്‍ (കേരളീയര്‍) ബില്ലിന്‍െറ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്കയില്‍ ഒരുതരത്തിലും തട്ടിപ്പ് അനുവദിക്കില്ല.  നോര്‍ക്ക വകുപ്പില്‍ നഴ്സിങ് നിയമനത്തിന് തട്ടിപ്പുനടക്കുന്നുവെന്ന് ആരോപണം ഉന്നിയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ മറുപടി. എല്‍.ഡി.എഫ് ഭരണകാലത്താണ് നോര്‍ക്കയിലെ ജീവനക്കാരെ നിയമിച്ചത്. അവരെ പിരിച്ചുവിടാന്‍ ഹൈകോടതി പറഞ്ഞിട്ടും യു.ഡി.എഫ് പിരിച്ചുവിട്ടില്ല. കേരളം ഭരിക്കുന്ന സര്‍ക്കാറിന് പ്രവാസി കമീഷനെ അവഗണിക്കാന്‍ കഴിയില്ല. ബെന്യാമിന്‍െറ ‘ആട് ജീവിതം’ കഥയല്ല യാഥാര്‍ഥ്യമാണ്. ഗള്‍ഫില്‍ വീട്ടുവേലക്കുപോയി പീഡിപ്പിക്കപ്പെടുന്ന സഹോദരിമാരുടെ വേദനയും കണ്ണീരും കാണാതെ സര്‍ക്കാറിന് മുന്നോട്ടുപോകാന്‍ കഴിയില്ല. ഇന്ത്യയില്‍  പഞ്ചാബിലല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രവാസികള്‍ക്കായി പ്രത്യേക കമീഷന്‍ നിലവിലില്ല.
പ്രവാസികളുടെ കേസുകളില്‍  നേരിട്ട് ഹാജരാകാതെ ആധുനിക സംവിധാനങ്ങള്‍ വഴി അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയും. നാട്ടിലുള്ള ബന്ധുക്കള്‍ പോലും അവരെ കബളിപ്പിക്കുന്നുണ്ട്. കേരളം തട്ടിപ്പുകളുടെ വിഹാരഭൂമിയാണ്. ഇതെല്ലാം അവസാനിപ്പിക്കണം. നിയമപരമായി മനുഷ്യവകാശകമീഷനും വനിതാ കമീഷനും പോലെ എല്ലാ അധികാരങ്ങളും പ്രവാസി കമീഷനും നല്‍കും. എന്നാല്‍, കോടതിയുടെ അധികാരം കമീഷന് നല്‍കാന്‍ കഴിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.