കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി-വി.ഡി സതീശൻ

തിരുവനന്തപുരം: സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബു എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം.

ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ല.

നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെയും ബാങ്കില്‍ എത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

സര്‍ക്കാരിന്റെ ഒത്താശയോടെ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് സി.പി.എം ഭരണം പിടിച്ചെടുത്തതാണ് കട്ടപ്പന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. പാര്‍ട്ടി നോതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും നിയമവിരുദ്ധമായി വായ്പകള്‍ നല്‍കിയതാണ് ബാങ്കിനെ സാമ്പത്തികമായി തകര്‍ത്തത്.

ഇത്തരത്തില്‍ സംസ്ഥാനത്ത് നിരവധി ബാങ്കുകളാണ് സി.പി.എം ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുത്തിട്ടുള്ളത്. അവിടെയൊക്കെ ഇതേ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുമുണ്ട്. വിശ്വാസ്യത ഇല്ലാതാക്കി സഹകരണ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Investor who killed himself in Kattappana Martyr of CPM robbery in cooperative sector-VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.