ജേക്കബ് തോമസിന് ചാട്ടവാറടിയാണ് വേണ്ടതെന്ന് കോൺഗ്രസ് മുഖപത്രം

കോഴിക്കോട്: മുഖ്യമന്ത്രിയെയും സർക്കാറിനെയും പരോക്ഷമായി വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. ജേക്കബ് തോമസ് തന്‍റെ പദവി മറക്കുന്നതായി ‘പുകഞ്ഞ കൊള്ളി പുറത്തെറിയണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

ഡി.ജി.പിയുടെ പ്രവർത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണ്. അച്ചടക്ക ലംഘനത്തിന് നോട്ടീസല്ല, മുക്കാലിയിൽ കെട്ടി ചാട്ടവാറടിയാണ് നൽകേണ്ടത്. പൊലീസിൽ ആശിച്ച പദവി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. വിരമിക്കാറായപ്പോഴാണ് അഴിമതിക്കെതിരെ അദ്ദേഹം ഹരിശ്രീ കുറിച്ചത്. ജേക്കബ് തോമസിന് മനോരോഗമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘അഴിമതിരഹിത കേരളത്തിന് സുസ്ഥിര നേതൃത്വം’ എന്ന വിഷയത്തില്‍ കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ജേക്കബ് തോമസ് പരോഷ വിമർശം നടത്തിയത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ ഭ്രാന്തരെന്ന് മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു‍.

കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അവരെ ഒറ്റപ്പെടുത്തും. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്ത ചരിത്രം നമുക്കു മുന്നിലുണ്ട്. സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറഞ്ഞ യോഗ്യത മൂന്ന് വിജിലന്‍സ് കേസില്‍ പ്രതിയാകണമെന്നതാണ്. ഇടുക്കിയില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് നാം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.