ചന്ദ്രബോസ് വധക്കേസ് പ്രതിയാക്കിയത് പൊലീസ്–രാഷ്ട്രീയ–മാധ്യമ ഗൂഢാലോചനയെന്ന് നിസാം

തൃശൂര്‍: താന്‍ ഉന്മാദ-വിഷാദ രോഗി (ബൈപോളാര്‍)യാണെന്നും ചന്ദ്രബോസ് വധക്കേസില്‍ പ്രതിയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഹമ്മദ് നിസാം. വിചാരണക്കോടതിയില്‍ സാക്ഷിവിസ്താരത്തിന് ശേഷം എഴുതി നല്‍കിയ അധിക മറുപടിയിലാണ് പുതിയ വിശദീകരണം. പൊലീസും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വാഹനത്തിന് മുന്നില്‍ ചാടി പരിക്കേറ്റ ചന്ദ്രബോസിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും 12 പേജുള്ള മറുപടിയില്‍ പറയുന്നു. ക്രിമിനല്‍ നിയമത്തിലെ 313 (5) ചട്ടമനുസരിച്ച അധിക മറുപടി വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു.

താന്‍ രാഷ്ട്രീയക്കാര്‍ക്ക് പിരിവും മാധ്യമങ്ങള്‍ക്ക് പരസ്യവും നല്‍കാറില്ല. ഇതിലെ വിരോധമാണ് കള്ളക്കഥകള്‍ക്ക് പിന്നില്‍. പരിക്കേറ്റ തനിക്ക് അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ ചികിത്സ ലഭ്യമാക്കിയില്ല. സംഭവ ദിവസം രാത്രി ബിസിനസ് യോഗങ്ങള്‍ കഴിഞ്ഞ് ക്ഷീണിതനായാണ് എത്തിയത്. ശോഭാ സിറ്റിയുടെ ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട് ഭാര്യയെ വിളിച്ച് ഹര്‍ത്താലാണോയെന്ന് ചോദിച്ചു. ഇതിനിടെ യൂനിഫോമില്ലാതെ ചന്ദ്രബോസ് വന്നു. വാഹനത്തില്‍ സ്റ്റിക്കര്‍ പതിക്കുന്നത് സംബന്ധിച്ച് തര്‍ക്കവും അടിപിടിയുമായി. ചന്ദ്രബോസ് ബാറ്റണ്‍ കൊണ്ട് തന്‍െറ വലതു കൈയില്‍ അടിച്ച് പരിക്കേല്‍പിച്ചു. ഈ കൈക്ക് നേരത്തെ സ്വാധീനക്കുറവുണ്ട്. അടിപിടിക്കിടെ സെക്യൂരിറ്റി കാബിനിലേക്ക് മറിഞ്ഞുവീണ് ചില്ല് പൊട്ടി. തന്‍െറ വലത് ചെവിക്കും കണ്ണിനും പരിക്കേറ്റു. വേഗം വാഹനത്തില്‍ കയറി ഫൗണ്ടന്‍ ചുറ്റി വരുന്നതിനിടെ പൊട്ടിയ ചില്ലുമെടുത്ത് ചന്ദ്രബോസ് തന്നെ ആക്രമിക്കാന്‍ മുന്നിലേക്ക് ചാടി. ഹമ്മര്‍ കാര്‍ ഓടിച്ച് മുന്‍പരിചയമില്ല. കിട്ടിയിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളൂ. ബ്രേക്ക് ചവിട്ടിയെങ്കിലും ചന്ദ്രബോസ് വീണു. പരിക്കേറ്റ ചന്ദ്രബോസിനെ ഫൗണ്ടനില്‍ പിടിച്ചിരുത്തിയ ശേഷം ഭാര്യയുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി. റെസിഡന്‍സ് അസോസിയേഷന്‍ നേതാക്കളെയും കൂട്ടി ആശുപത്രിയിലാക്കാമെന്ന് കരുതി ശോഭാ സിറ്റിയിലെ ടോപ്പസ് ഫ്ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ ചന്ദ്രബോസ് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ താഴെ വീണു. പൊലീസും മറ്റുള്ളവരും എത്തി ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ താന്‍ ചികിത്സ ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ച് പേരാമംഗലം സി.ഐ തിരുനല്‍വേലി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ബംഗളൂരുവില്‍ മള്‍ട്ടി ജിംനേഷ്യം സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താന്‍. ബൈപോളാര്‍ രോഗത്തിന് നാല് ദിവസം ബംഗളൂരുവില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവദിവസം രാത്രി വള്ളിച്ചെരിപ്പാണ് ധരിച്ചിരുന്നത്. വീട്ടില്‍ നിന്ന് പൊലീസ് കൊണ്ടുപോയ ഷൂ ആണ് കോടതിയില്‍ ഹാജരാക്കിയത്. തെളിവെടുപ്പിനായി കൊണ്ടുനടന്നതോടെ രോഗം കൂടി. ശാസ്ത്രീയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും നിസാം ആരോപിച്ചു.

കുറ്റവിമുക്ത വാദം 14ന്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് വിചാരണയിലെ പ്രധാന നടപടിക്രമമായ കുറ്റവിമുക്ത വാദം തിങ്കളാഴ്ച. വ്യാഴാഴ്ച മുഹമ്മദ് നിസാമിന്‍െറ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കോടതി വെള്ളിയാഴ്ച അധിക വിശദീകരണവും സ്വീകരിച്ചു.
പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്കെതിരെ തെളിവില്ളെന്ന് ബോധിപ്പിക്കാനുള്ളതാണ് കുറ്റവിമുക്ത വാദം. ക്രിമിനല്‍ നിയമത്തിലെ 232ാം വകുപ്പ് അനുസരിച്ചുള്ളതാണ് ഈ നടപടി. കുറ്റകൃത്യത്തിന് തെളിവില്ളെങ്കില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളെ അന്തിമ വിധിക്ക് മുമ്പ് കുറ്റവിമുക്തമാക്കാം. ഇതിന് സാധ്യതയൊരുക്കാനുള്ള ശ്രമമായാണ് ബൈപോളാര്‍ രോഗിയാണെന്നും ചന്ദ്രബോസ് തന്‍െറ വാഹനത്തിന് മുന്നിലേക്ക് ചാടിയതാണെന്നുമുള്ള നിസാമിന്‍െറ വിശദീകരണം വിലയിരുത്തപ്പെടുന്നത്.

സാക്ഷിമൊഴികളും ശാസ്ത്രീയ-സാഹചര്യ തെളിവുകളും ശക്തമായതിനാല്‍ കുറ്റവിമുക്തനാക്കാന്‍ സാഹചര്യമില്ളെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. നേരത്തെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും തലശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചാവശേരി ഉത്തമന്‍ വധക്കേസിലും പ്രതികളാക്കപ്പെട്ട സി.പി.എം നേതാവ് കാരായി രാജന്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരെ 232ാം വകുപ്പ് അനുസരിച്ച വാദത്തിലാണ് അന്തിമ വിധിക്കു മുമ്പ് കുറ്റവിമുക്തരാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.