അടൂര്‍: എസ്.എന്‍.ഡി.പി അടൂര്‍ യൂനിയനില്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് തുക അടച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ആരംഭിച്ചു. ഇതുസംബന്ധിച്ച് താലൂക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി അടൂര്‍ ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അദാലത് നടത്തിയെങ്കിലും പരാജയപ്പെട്ടു. തട്ടിപ്പ് നടന്ന സമയത്തെ യൂനിയന്‍ സെക്രട്ടറി അരുണ്‍ തടത്തിലോ അദ്ദേഹത്തിന്‍െറ വക്കീലോ അദാലത്തില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിലേക്ക് അദാലത് മാറ്റി.താലൂക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാനും അടൂര്‍ ഒന്നാം ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റുമായ ശശിധരനും കമ്മിറ്റിയംഗം അഡ്വ. സുധീഷ് കുമാറുമാണ് അദാലത് സംഘടിപ്പിച്ചത്. ബാങ്ക് ഓഫ് ഇന്ത്യ ലീഗല്‍ അഡൈ്വസര്‍, റിക്കവറി മാനേജര്‍ വി.എം. മോഹനന്‍, ബ്രാഞ്ച് മാനേജര്‍ ദിലീപ്, എസ്.എന്‍.ഡി.പി യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം. മനോജ്കുമാര്‍, കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍, കമ്മിറ്റിയംഗം എസ്.പി. സജന്‍ എന്നിവര്‍ ഹാജരായി.
എടുത്ത വായ്പ തുകയില്‍ അവശേഷിക്കുന്ന കുടിശ്ശിക യൂനിയന്‍ നേരിട്ട് അടച്ചുതീര്‍ക്കുമെന്ന് കാട്ടി നാഷനല്‍ ബാങ്കിങ് സോണല്‍ മാനേജര്‍ക്ക് യൂനിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ കത്ത് നല്‍കിയിരുന്നു. എസ്.എന്‍.ഡി.പി അടൂര്‍ യൂനിയന്‍െറ 256 വനിതാ സംഘങ്ങളുടെ പേരില്‍ അനുവദിച്ച 7,68,00,000 രൂപയില്‍ 5,35,87,140 രൂപ തിരിച്ചടച്ചെന്നും അവശേഷിക്കുന്ന 2,32,12,860 രൂപ അടൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ അടച്ചുതീര്‍ക്കുമെന്നുമാണ് കത്തില്‍ പറയുന്നത്.എസ്.എന്‍.ഡി.പി യോഗം അടൂര്‍ യൂനിയനില്‍ 2009 മുതല്‍ മൈക്രോ സംഘങ്ങളില്‍ കൂടി നടപ്പാക്കിയ ഗ്രൂപ് ലോണ്‍, സ്വപ്നഗൃഹ പദ്ധതിയിലാണ് തട്ടിപ്പ് നടന്നത്. വായ്പ എടുത്ത് കൃത്യമായി തിരിച്ചടച്ചവര്‍ക്കും വായ്പ എടുക്കാത്തവര്‍ക്കും എല്ലാം കോടതിയില്‍നിന്ന് സമന്‍സും ജപ്തി നോട്ടീസും വന്നതോടെയാണ് വിവാദം തുടങ്ങിയത്.
256 സംഘങ്ങളിലായി ഏതാണ്ട് അഞ്ചായിരത്തില്‍ അധികം കുടുംബങ്ങള്‍ക്ക് കോടതി നടപടി നേരിടേണ്ടിവന്നു. ലോണ്‍ എടുത്ത അംഗങ്ങള്‍ കൃത്യമായി ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റ് യൂനിയനില്‍ അടച്ചെങ്കിലും യൂനിയന്‍ ഭാരവാഹികള്‍ തുക ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയെന്നാണ് ആരോപണം. തങ്ങള്‍ അറിയാതെ അവരുടെ പേരില്‍ യൂനിയന്‍ വായ്പയെടുത്തതായി രേഖകള്‍ ചമച്ചുവെന്ന് എസ്.എന്‍.ഡി.പി അംഗങ്ങള്‍ ആരോപിക്കുന്നു. തുടര്‍ന്ന് 2013 മാര്‍ച്ച് 18ന് നിലവില്‍ ഉണ്ടായിരുന്ന യൂനിയന്‍ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ യൂനിയന്‍ ഭരണം ഏല്‍പിക്കുകയും ചെയ്തു. തട്ടിപ്പിനെതിരെ അടൂര്‍ യൂനിയനില്‍ വിവിധ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും എസ്.എന്‍.ഡി.പി യോഗം നേതൃത്വം ഇത് കണ്ടതായിപോലും നടിച്ചില്ല. പരാതികള്‍ പെരുകിയതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെയാണ് യൂനിയന്‍ ഭാരവാഹികള്‍ ഇടപെട്ട് വായ്പ തിരിച്ചടച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്.യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.