തിരുവനന്തപുരം: സ്പീക്കറുടെ നിലപാടിൽ അസ്വാഭാവികതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ വിമർശങ്ങൾ കാര്യങ്ങൾ മനസിലാക്കാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്‍റെ കാലത്ത് എത്രയോ സന്ദർഭങ്ങളിൽ അടിയന്തര പ്രമേയനോട്ടീസ് സബ്മിഷനാക്കി മാറ്റിയിട്ടുണ്ട്. ഒരേ വിഷയം തന്നെ നിരവധി തവണ ഉന്നയിക്കുമ്പോൾ സഭാ ചട്ടങ്ങൾ അനുസരിച്ചാണ് സബ്മിഷനാക്കി മാറ്റാറുള്ളതെന്നും ചെന്നിത്തല വിശദീകരിച്ചു. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതും സഭ സുഗമമായി നടത്തുന്നതിന് തടസം നിൽക്കുന്നതും ശരിയാണോയെന്ന് പ്രതിപക്ഷം തന്നെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കമീഷനുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ സഭക്ക് അകത്തും പുറത്തും നടക്കുകയുണ്ടായി. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ സോളാർ കമീഷൻ പറഞ്ഞ കാര്യങ്ങളോട് മറുപടി പറയുകമാത്രമാണ് താൻ ചെയ്തത്. സോളാർ കമീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജു രാധാക്യഷ്ണനെ സോളാർ കമീഷന് മുന്നിൽ ഹാജരാക്കിയപ്പോൾ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. എന്നാൽ സോളാർ കമീഷൻ ഇത് വെട്ടിച്ചുരുക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ പ്രതി കടന്നുകളയാൻ സാധ്യതയുള്ളതിനാൽ ഡി.ജി.പി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.