തൃശ്ശൂർ : കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറി വരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സംസ്ഥാനത്ത് ഒരു മൂന്നാം ശക്തി ഉയർന്നു കഴിഞ്ഞെന്നും പരമശിവന്റെ തൃക്കണ്ണ്‍ തുറക്കുന്നതു പോലെയാണ് അതെന്നും തേക്കിൻകാട് മൈതാനിയിൽ ബി ജെ പി പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഈ ശക്തി സംസ്ഥാനത്തെ അഴിമതി തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു .
അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ മാറുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത് . ഒരു സർക്കാരിനെ മടുക്കുമ്പോൾ മറ്റേതിനെ കൊണ്ടുവരും. എൽ ഡി എഫും യു ഡി എഫും മാറി മാറി വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു മാറ്റവുമില്ല. ശ്രീനാരായണഗുരുവിനെ പോലുള്ള നവോത്ഥാന നായകരുടെ ഫലമായി ഇവിടെ തൊട്ടുകൂടായ്മ പോലുള്ള അസമത്വങ്ങൾ അവസാനിച്ചു. എന്നാൽ രാഷ്ട്രീയ തൊട്ടുകൂടായ്മ നില നിൽക്കുന്നുണ്ട് . എതിർക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഇവിടെ . കേരളത്തിലെ പോലെ മറ്റൊരിടത്തും ബി ജെ പി പ്രതിസന്ധി നേരിട്ടിട്ടില്ല. അര നൂറ്റാണ്ടിനിടയിൽ ഇരുനൂറോളം പാർട്ടിക്കാർ കൊല്ലപ്പെട്ടു. വെല്ലുവിളികളെ നേരിട്ട് പാർട്ടിക്കാർ നടത്തിയ പ്രവർത്തനം ഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. ജനങ്ങൾ നല്ല ഒരു തീരുമാനം എടുക്കാൻ കാത്തിരിക്കുകയാണ്. കഠിനാധ്വാനത്തിനു അംഗീകാരം കിട്ടാൻ പോകുന്നു. അതിന്റെ സൂചനയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം ചെയ്യാൻ താൽപര്യമുണ്ട് . എന്നാൽ ചെലവു കൂടിയതാണ് വിദ്യാഭ്യാസം. ബാങ്കുകൾ വായ്പ നൽകുന്നതിനു മടി കാണിക്കുന്നു. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ചൂഷണം ചെയ്യുന്നു. ഇതിനു മാറ്റം വരുത്താൻ ബജറ്റിൽ തുടക്കമിട്ടിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു . 35 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം ജോലി തേടി പുറത്താണ്. അവർക്ക് നാട്ടിൽ ജോലിയും ബിസിനസ്സും ഉറപ്പു വരുത്തുകയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലക്‌ഷ്യം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ കേരളത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത് . മുദ്ര ബാങ്കിൽ നിന്ന് 2100 കോടി രൂപ ഇതിനകം കേരളത്തിൽ നൽകിക്കഴിഞ്ഞു.
റബ്ബർ കർഷകർക്ക് ആശ്വാസപദ്ധതികൾ ഉടനെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കും . റബ്ബർ വ്യവസായം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗം ആക്കും. റബ്ബർ കർഷകർക്ക് ന്യായവില ഉറപ്പു വരുത്താൻ നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് സർക്കാർ പിന്തുണ നൽകും . മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് പുതിയ വികസന നയം പ്രഖ്യാപിക്കുമെന്നും മോദി അറിയിച്ചു. കേരളത്തിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. തേക്കിൻകാട് മൈതാനിയിൽ മോദിയുടെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിനു ജനങ്ങൾ മണിക്കൂറുകൾ മുൻപേ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.