കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങളാണ് സരിത എസ്. നായരോട് ചോദിച്ചതെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. തെളിവെടുപ്പ് തുടരുന്ന സോളാര്‍ കമീഷന്‍ മുമ്പാകെ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് സരിത അഭിഭാഷകന്‍ മുഖേന അറിയിച്ച നടപടിയെ വിമര്‍ശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. തെളിവെടുപ്പിന് ഹാജരാകാന്‍ കഴിയുന്ന മാനസികാവസ്ഥയല്ലെന്നും ശരീരികാസ്വാസ്ഥ്യം ഉണ്ടെന്നുമാണ് രാവിലെ 11ന് സിറ്റിങ്ങ് ആരംഭിച്ചയുടനെ സരിതയുടെ അഭിഭാഷകന്‍ കമീഷനെ അറിയിച്ചത്.
തുടര്‍ന്ന്, എന്താണ് അവരുടെ മാനസികാവസ്ഥയെന്നും നിങ്ങള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടു വന്നിട്ടുണ്ടോയെന്നും ഇനി എന്നാണ് അവര്‍ക്ക് വരാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആലുവയിലെ ഫ്ലാറ്റില്‍ വിശ്രമിക്കുന്ന സരിത ബുനാഴ്ച ഉച്ചക്ക് ശേഷമാണ് ഡോക്ടറെ കാണുകയെന്നും അതുകൊണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടു വന്നിട്ടില്ലെന്നും ഈ മാസം 21ന് ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. സരിതക്ക് സ്കാനിങ് അടക്കമുള്ള വിശദ പരിശോധനകള്‍ ആവശ്യമാണെന്നും അറിയിച്ചു.
നടപടികളില്‍ സംശയമുണ്ടെന്നും തുടര്‍നടപടികള്‍ നിരീക്ഷിക്കുമെന്നും കമീഷന്‍ അഭിഭാഷകനെ അറിയിച്ചു. സംസാരമധ്യേ കരയത്തക്ക വിധത്തില്‍ ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും മൂക്കുത്തിയണിഞ്ഞിരുന്ന അവര്‍ കരയുന്നതിനിടെ മൂക്കില്‍ നിന്ന് രക്തം വരികയാണുണ്ടായതെന്നും കമീഷന്‍ പിന്നീട് ചുണ്ടിക്കാട്ടി. കമീഷന്‍ വനിതാ ജീവനക്കാരി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞു.
തുടര്‍ന്ന്, ഈ മാസം 18ന് ഹാജരാകാന്‍ തയാറാണോയെന്ന് അഭിഭാഷകന്‍ മുഖേന സരിതയോട് ആരാഞ്ഞ കമീഷന്‍ അവര്‍ അസൗകര്യം അറിയിച്ചതോടെ സര്‍ക്കാര്‍ പ്രതിനിധിയായ സീനിയര്‍ പ്ലീഡര്‍ റോഷന്‍ ഡി. അലക്സാണ്ടറുടെ അഭിപ്രായം തേടിയ ശേഷം 21ന് രാവിലെ 11ന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച തെളിവെടുപ്പിന് ഹാജരായ സരിത ജയിലില്‍വെച്ച് പ്രസവിച്ച കുട്ടിയുടെ പിതാവ് ആരാണെന്ന കമീഷന്‍െറ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്ന് അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്ന് കമീഷനില്‍ വാദ പ്രതിവാദങ്ങളുണ്ടായി. ഇതിനിടെ മൂക്കില്‍ നിന്ന് രക്തം വന്ന സരിത പുറത്ത് പോകാന്‍ അനുമതി വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.