കെ.ആർ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന് ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ലക്ഷം രൂപയും ഫലകവും പൊന്നാടയുമുള്‍പ്പെടുന്ന പുരസ്കാരം ഫെബ്രുവരി 16ന് ഡല്‍ഹിയില്‍ അക്കാദമി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തില്‍ സമ്മാനിക്കും.
പ്രഫ. എം.കെ. സാനു, ആഷാ മേനോന്‍, വി. രാജാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് മലയാള പുസ്തകങ്ങള്‍ വിലയിരുത്തിയത്. മാധ്യമം ആഴ്ചപ്പതിപ്പ് ഖണ്ഡശ: പ്രസിദ്ധീകരിച്ച നോവലാണ് ‘ആരാച്ചാര്‍’.
തമിഴിലെ പുരസ്കാരം മലയാളിയായ അ. മാധവന്‍ രചിച്ച ലേഖന സമാഹാരമായ ‘ഇളക്കിയ സുവടുകള്‍’ നേടി. ഉത്കൃഷ്ട സാഹിത്യ സംഭാവനകള്‍ക്കുള്ള ഭാഷാ സമ്മാന്‍ പ്രഫ. ശ്രീകാന്ത് ബാഹുല്‍കര്‍ക്ക് ലഭിക്കും.
ബംഗാളി ഒഴികെ 23 ഭാഷകളിലെ കൃതികള്‍ക്കുള്ള പുരസ്കാരം അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കുല സൈക്കിയ (അസമീസ്), ബ്രജേന്ദ്രകുമാര്‍ ബ്രഹ്മ (ബോഡോ), ധ്യാന്‍ സിങ് (ഡോംഗ്രി), സൈറസ് മിസ്രി (ഇംഗ്ളീഷ്), രസിക് ഷാ (ഗുജറാത്ത്), രാംദറശ് മിശ്ര (ഹിന്ദി), കെ.വി. തിരുമലേശ് ( കന്നട), ബഷീര്‍ ബദര്‍വാഹി (കശ്മീരി), ഉദയ് ഭേംബ്രേ (കൊങ്കണി), മന്‍ മോഹന്‍ ജാ (മൈഥിലി), ക്ഷേത്രി രാജന്‍ (മണിപ്പൂരി), അരുണ്‍ ഖോപ്കര്‍ (മറാത്തി), ഗുപ്ത പ്രധാന്‍ (നേപ്പാളി), ബിഭൂതി പട്നായിക് (ഒഡിയ), ജസ്വീന്ദര്‍ സിങ് (പഞ്ചാബി), മധു ആചാര്യ അഷാവാദി (രാജസ്ഥാനി), രബിലാല്‍ തുഡു (സന്താളി), മായാ റാഹി (സിന്ധി), വോള്‍ഗ (തെലുഗു), ഷമീം താരീഖ് (ഉര്‍ദു) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ ‘ആരാച്ചാര്‍’ ഹാങ് വുമണ്‍ എന്നപേരില്‍ ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദക്ഷിണേഷ്യന്‍ എഴുത്തുകാരുടെ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി പുരസ്കാരത്തിന്‍െറ ചുരുക്കപ്പട്ടികയില്‍ ‘ഹാങ് വുമണ്‍’ ഇടംനേടിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.