തൃശൂർ: കൺസ്യൂമർ ഫെഡ് അഴിമതിക്കേസിൽ ഇതുവരെ നടത്തിയ എല്ലാ അന്വേഷണങ്ങളുടെയും വിവരങ്ങളും റിപ്പോർട്ടടങ്ങിയ വിശദാംശങ്ങളും ജനുവരി ഏഴിനകം ഹാജരാക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മലയാളവേദി പ്രസിഡൻറും പൊതുപ്രവർത്തകനുമായ ജോർജ് വട്ടുകുളം നൽകിയ ഹരജിയിലാണ് വിജിലൻസ് ജഡ്ജി എസ്.എസ്. വാസെൻറ നടപടി.
2011–15 വരെ സാധനങ്ങൾ വാങ്ങിയ വകയിലെ ചെലവ്, നടത്തിപ്പ് ചെലവ് എന്നിവയിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം. ആരോപണങ്ങളെ തുടർന്ന് വിവിധ ജില്ലകളിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെ നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പില്ലെന്നും വിജിലൻസിന് വേണ്ടി ഹാജരായ അഡീഷനൽ ലീഗൽ അഡ്വൈസർ കോടതിയിൽ അറിയിച്ചു. ഇതോടെയാണ് ഇതുവരെ നടത്തിയ എല്ലാ അന്വേഷണങ്ങളുടെയും വിശദാംശങ്ങളും റിപ്പോർട്ടും സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന വിജിലൻസിെൻറ ആവശ്യം നിരസിച്ചു.
മന്ത്രി സി.എൻ. ബാലകൃഷ്ണൻ പരാതിയിൽ എട്ടാം എതിർ കക്ഷിയാണ്. കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ ജോയ് തോമസ്, സഹകരണ വകുപ്പ് മുൻ അഡീഷനൽ രജിസ്ട്രാർ വി. സനിൽകുമാർ, കൺസ്യൂമർഫെഡ് മുൻ എം.ഡി റിജി ജി. നായർ, മുൻ ചീഫ് മാനേജർ ആർ. ജയകുമാർ, മുൻ റീജനൽ മാനേജർമാരായ എം. ഷാജി, സ്വിഷ് സുകുമാരൻ, കൺസ്യൂമർ ഫെഡ് വിദേശമദ്യ വിഭാഗം മുൻ മാനേജർ സുജിത കുമാരി എന്നിവരാണ് ഒന്ന് മുതൽ ഏഴ് വരെ എതിർ കക്ഷികൾ.
ഇതേ പരാതിയുമായി ഹരജിക്കാരൻ മുമ്പ് ലോകായുക്തയെ സമീപിച്ചെങ്കിലും ഹരജി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. കൺസ്യൂമർഫെഡ് അഴിമതി സംബന്ധിച്ച് വിജിലൻസ് മുമ്പ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്നുമാണ് അറിയിച്ചിരുന്നത്. ടോമിൻ തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഡയറക്ടർ ബോർഡ് അംഗമായിരുന്ന സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് സർക്കാർ കൺസ്യൂമർ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടത്. അഞ്ച് പരാതികളിൽ അന്വേഷണം നടത്തിയതിൽ രണ്ടെണ്ണത്തിൽ റിപ്പോർട്ട് സമർപ്പിച്ചുവെന്നും മൂന്നെണ്ണം അന്വേഷണത്തിെൻറ അവസാന ഘട്ടത്തിലാണെന്നുമാണ് വിജിലൻസ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം. തൃശൂർ വിജിലൻസ് കോടതിയിൽ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.