കാലം കഴിയുന്തോറും ഏറുന്ന ശൂന്യത –പത്മജ വേണുഗോപാല്‍

കൊച്ചി: രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും കാലം കഴിയുന്തോറും കൂടുതല്‍ ദൃശ്യമാകുന്ന ശൂന്യതയാണ് കെ. കരുണാകരന്‍െറ അഭാവമെന്ന് മകളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍. അച്ഛനുണ്ടായിരുന്നെങ്കില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആദ്യ പ്രതികരണം അദ്ദേഹത്തിന്‍േറതാകുമായിരുന്നു. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ അച്ഛന്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. കുടുംബത്തെയും ആഘോഷങ്ങളെയും ഏറെ സ്നേഹിച്ച അച്ഛന്‍െറ കുറവ് ഇപ്പോഴാണ് ശരിക്കും അനുഭവപ്പെടുന്നതെന്നും പത്മജ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ അച്ഛന്‍ അവശേഷിപ്പിച്ച ശൂന്യത ഇനിയും നികത്താനായിട്ടില്ല. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാതെ സധൈര്യം അഭിമുഖീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ രാഷ്ട്രീയ, പ്രവര്‍ത്തന ശൈലി. രാഷ്ട്രീയമോ ഭരണപരമോ സാമൂഹികമോ ആയ പ്രശ്നങ്ങളില്‍ ആദ്യം പ്രതികരിക്കുന്നത് അച്ഛനായിരിക്കും. വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും പ്രായോഗിക ജ്ഞാനത്തിലും ആലോചനകളിലും അദ്ദേഹം ഒട്ടും പിന്നിലായിരുന്നില്ല. പേരിനുപിന്നിലെ മൂന്നക്ഷരം തനിക്കുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതിനപ്പുറം താന്‍ ചെയ്തേനെയെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരോട് കാര്യമായും തമാശയായും അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട്. ജാതി-മത ചിന്തകള്‍ക്കപ്പുറം പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നു. വീട്ടിലും ഓഫിസിലും അത് പാലിച്ചു. നിലവിലെ സാഹചര്യത്തില്‍ അത്തരം നിലപാടുകള്‍ക്കൊക്കെ വളരെ പ്രാധാന്യമുണ്ടെന്ന് കരുതുന്നു.
വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ചചെയ്തിരുന്ന ആളല്ലായിരുന്നു അദ്ദേഹം. തികഞ്ഞ കുടുംബനാഥന്‍. അമ്മയോടൊക്കെ വളരെ സ്നേഹത്തോടെയും സരസമായും ഇടപെടുന്നത് കാണാമായിരുന്നു.   വേദനകള്‍ എല്ലാകാലത്തുമുണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്തും മരണശേഷവുമൊക്കെ അച്ഛനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും അവയെ അതിജീവിക്കാനായത് അച്ഛന്‍ പകര്‍ന്നുതന്ന നല്ല അറിവുകള്‍ കാരണമായിരുന്നു.
കാലത്താല്‍ മായ്ക്കപ്പെടാത്ത മുറിവുകളില്ളെന്നാണ് പറയപ്പെടുന്നത്. അച്ഛന്‍െറ മരണവും അത് തന്ന വേദനയുമൊക്കെ നാളുകള്‍ പിന്നിടുമ്പോള്‍ ഇല്ലാതാകുമെന്നായിരുന്നു വിശ്വാസം. എന്നാല്‍, കാലം കഴിയുമ്പോഴും അച്ഛനെക്കുറിച്ച ഓര്‍മകള്‍ എന്നില്‍ ജ്വലിക്കുകയാണ്. പറഞ്ഞ വാക്കുകള്‍, ഉപദേശങ്ങള്‍, ആഘോഷങ്ങള്‍, സമ്മാനങ്ങള്‍ എന്നിങ്ങനെ അച്ഛനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ഓര്‍മിക്കപ്പെടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.