എസ്.ഐ.ഒ മുഖദ്ദിമ അക്കാദമിക് സമ്മിറ്റിന് ഉജ്ജ്വല തുടക്കം

കണ്ണൂര്‍: ഇസ്ലാമിക വിജ്ഞാനത്തിന്‍െറ ശേഷിയെ  ഭയന്ന്  അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്  ഇസ്ലാമോഫോബിയ വളര്‍ത്തിക്കൊണ്ട് വെള്ള വംശീയത ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി അഭിപ്രായപ്പെട്ടു.  വംശീയ ശക്തികളുടെ പുതിയ ലക്ഷ്യം ഇസ്ലാം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ‘മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക പഠനങ്ങള്‍ കൂടുതല്‍ ജനാധിപത്യപരമാക്കാനും വ്യത്യസ്ത  സംസ്കാരങ്ങളുടെ  സഹവര്‍ത്തിത്വം സാധ്യമാക്കാനും നിലവിലെ ജ്ഞാനശാസ്ത്ര നിര്‍മിതികളുടെ ചട്ടക്കൂടുകളെ തിരിച്ചറിയേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ  മൂല്യങ്ങളെയും വികാരങ്ങളെയും ജീവിതാനുഭവങ്ങളെയും വിജ്ഞാനത്തെയും  തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ഹുസൈനി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള സ്വാഗതം പറഞ്ഞു.

‘ടുവാര്‍ഡ്സ് ഇസ്്ലാമിക്  ഡികൊളോണിയാലിറ്റി’ എന്ന  പ്രമേയത്തില്‍ നടന്ന സെമിനാറില്‍ സയ്യിദ് മുസ്തഫ അലി (ദ ഓപണ്‍ യൂനിവേഴ്സിറ്റി, ബ്രിട്ടന്‍) മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. സമീര്‍, ഒ.കെ. ഫാരിസ്  എന്നിവര്‍ സംസാരിച്ചു. ‘മതവും വിമോചനവും’ സെഷനില്‍ ഫരീദ ഇസ്ഹാഖ് (ജോഹന്‍സ്ബര്‍ഗ് യൂനിവേഴ്സിറ്റി, ദക്ഷിണാഫ്രിക്ക) മുഖ്യപ്രഭാഷണം നടത്തി. കെ. അശ്റഫ് (റിസര്‍ച് സ്കോളര്‍ ജോഹന്‍സ്ബര്‍ഗ് യൂനിവേഴ്സിറ്റി, ദക്ഷിണാഫ്രിക്ക), ഡോ.എം.ബി. മനോജ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), എ.എ. ബിനോയ്  (റിസര്‍ച് സ്കോളര്‍, എം.ജി യൂനിവേഴ്സിറ്റി) എന്നിവര്‍ സംസാരിച്ചു.
‘ഐഡിയ ഓഫ് ഇസ്ലാം ടുഡേ’ എന്ന സെഷനില്‍ ഫരീദ് ഇസ്ഹാഖ്  (ജോഹന്‍സ്ബര്‍ഗ് യൂനിവേഴ്സിറ്റി), സയ്യിദ് മുസ്തഫ അലി, പ്രഫ. എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), പ്രഫ. ജി. അലോഷ്യസ് (എഡിറ്റര്‍, ക്രിട്ടിക്കല്‍ ക്വസ്റ്റ്) എന്നിവര്‍ സംസാരിച്ചു. മുഖദ്ദിമ അക്കാദമിക് കോണ്‍ഫറന്‍സിന്‍െറ രണ്ടാം ദിവസമായ ഇന്ന് ‘വിജ്ഞാനം, അധികാരം, സാമൂഹികമാറ്റം, ഇന്ത്യന്‍ ദേശീയത’,  ‘ആധുനികത, മതേതരത്വം, ഇസ്ലാം’, ‘ലിംഗ സംവാദങ്ങളുടെ പൊളിച്ചെഴുത്ത്’ തുടങ്ങിയ സെഷനുകളിലായി പ്രഫ.ജി. അലോഷ്യസ്, തൊങ്കന്‍ ബിബിന്‍, നാരായണന്‍ എം. ശങ്കരന്‍, പ്രഫ.എം.ടി. അന്‍സാരി, ഡോ. വര്‍ഷ ബഷീര്‍, പി. റുക്സാന, സിമി കോറോത്ത്, പി.കെ. സാദിഖ്, ജെയിംസ് മൈക്കിള്‍, ടി. മുഹമ്മദ് വേളം, ഒ.കെ. സന്തോഷ്, നഹാസ് മാള തുടങ്ങിയവര്‍ പങ്കെടുക്കും.

ഫാഷിസത്തിനെതിരെയുള്ള പ്രതിരോധം ദുര്‍ബലപ്പെടുന്നത് ആശങ്കജനകം – എം.ഐ. അബ്ദുല്‍ അസീസ്
കണ്ണൂര്‍: ഫാഷിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുന്നതിന്‍െറ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയിലും കോഴിക്കോട്ടും നടന്ന സംഗമങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.  എസ്.ഐ.ഒ സംഘടിപ്പിച്ച അക്കാദമിക് സമ്മിറ്റ്- മുഖദ്ദിമയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദലിത്, മുസ്ലിം വിഭാഗങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ളതോ അവരുടേതു മാത്രമോ ആയ പ്രതിരോധങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ലക്ഷ്യംകാണില്ല. മുഴുവന്‍ മനുഷ്യരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ തീര്‍ത്തും വംശീയതയിലധിഷ്ഠിതമായ ഫാഷിസത്തെ ചെറുക്കാന്‍ സാധിക്കൂ. ഫാഷിസത്തിന്‍െറ ഇരകളായ മതന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും സാന്നിധ്യത്തെതന്നെ നിരാകരിക്കുന്ന തീവ്ര മതേതര, ഇടതുപക്ഷ കാഴ്ചപ്പാട് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ബഹുസ്വരതക്കും ഭീഷണിയായി ഫാഷിസം അധികാരത്തിലേറിയ അപകടകരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഫാഷിസത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കേണ്ട അവസാനത്തെ സന്ദര്‍ഭമാണിത്. ബിഹാറിലെ നിരക്ഷരരായ സാധാരണ ജനങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ സാധിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ വിവേകപൂര്‍വവും സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇടത് പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നുവെന്നും അമീര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.