തദ്ദേശ തെരഞ്ഞെടുപ്പില്‍ 40 ലക്ഷത്തോളം ഇരട്ട വോട്ടുകള്‍ ചെയ്തു –യു.ഡി.എഫ്

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 40 ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയായെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.100 നിയോജകമണ്ഡലങ്ങളിലായി 40 ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ ചെയ്തുവെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ഇടതു വിജയത്തിന്‍െറ കാരണങ്ങളിലൊന്ന് ഇതാണ്. സ്വകാര്യ ഏജന്‍സിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. അപ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. ഇരട്ടവോട്ട് യു.ഡി.എഫിന് ദോഷകരമാണെന്ന് ബോധ്യമുള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊഴിവാക്കാന്‍ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കും.യു.ഡി.എഫ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കാന്‍ എം.എം. ഹസന്‍ കണ്‍വീനറായി ഉപസമിതിക്ക് രൂപം നല്‍കി. മുന്നണി ബന്ധം ശക്തിപ്പെടുത്താന്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഈമാസം 29, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 29ന് മാണിഗ്രൂപ്, മുസ്ലീം ലീഗ്, ആര്‍.എസ്.പി കക്ഷികളുമായും 31ന് മറ്റു കക്ഷികളുമായുമാണ് ചര്‍ച്ച. 30ന് സംസ്ഥാന സന്ദര്‍ശനത്തിനത്തെുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കോട്ടയം നാട്ടകം ഗെസ്റ്റ്ഹൗസില്‍ യു.ഡി.എഫ്  നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
 എല്ലാ ജില്ലകളിലും ഫെബ്രുവരിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. മാര്‍ച്ചില്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും നടത്തും. ഘടകകക്ഷികള്‍ ഒറ്റക്കൊറ്റക്ക് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നതിനാല്‍ മുന്നണിയുടെ ആഭിമുഖ്യത്തില്‍ പൊതുജാഥ വേണ്ടെന്ന് ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടുമെന്ന ബി.ജെ.പി  സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ പ്രസ്താവന അദ്ദേഹം ഒഴികെ മറ്റാര്‍ക്കും പറയാന്‍ സാധിക്കാത്ത വങ്കത്തരമാണ്. തീവ്രഹിന്ദുത്വവാദിയും ആര്‍.എസ്.എസ് പ്രചാരകനുമായ കുമ്മനം വര്‍ഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഡീസല്‍-പെട്രോള്‍ വില വര്‍ധനക്കെതിരെ പുതുവത്സരദിനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. വിപണി ഇടപെടലിന് സപൈ്ളകോക്കും കണ്‍സ്യൂമര്‍ഫെഡിനും കൂടുതല്‍ പണം അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ തീര്‍ക്കുക, നെല്ലുസംഭരണത്തിലെ കുടിശ്ശിക ഉടന്‍ നല്‍കുക, റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ അംഗമാകുന്നതിന് സമര്‍പ്പിച്ചിട്ടുള്ള എല്ലാ സാധുവായ അപേക്ഷകളും അംഗീകരിക്കുക, റബര്‍സംഭരണം സംബന്ധിച്ച് രൂപവത്കരിച്ചിട്ടുള്ള 15 അംഗ സമിതി വിളിച്ചുചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.


നേതൃമാറ്റം തല്‍ക്കാലം അജണ്ടയിലില്ല  -പി.പി. തങ്കച്ചന്‍
തിരുവനന്തപുരം:  നേതൃമാറ്റം തല്‍ക്കാലം അജണ്ടയിലില്ളെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഇപ്പോള്‍ അങ്ങനെയൊരു ചര്‍ച്ച ഇല്ല. നാളെ വേണേല്‍ ഉണ്ടാകും. എന്തായാലും ഇതുവരെ ഇല്ല- യു.ഡി.എഫ് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ മികച്ച ഭരണാധികാരികളാണെന്നും തങ്കച്ചന്‍ പറഞ്ഞു. ചാരക്കേസും ഭരണമാറ്റവുമെല്ലാം കഴിഞ്ഞുപോയ കഥകളാണ്. വിദ്വേഷപ്രസംഗത്തിന്‍െറ പേരില്‍ നിയമ നടപടി നേരിടുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ എല്ലാ പഴുതുകളും അടച്ച് അറസ്റ്റ് ചെയ്യുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.