മലയാളി യുവാവ് ജിദ്ദയില്‍ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മലയാളി യുവാവ് ജിദ്ദയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആഗസ്റ്റ് നാലിന് മരിച്ചതായാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന വിവരം ലഭിച്ചത്.അബ്ദുറഹ്മാന്‍ നഗര്‍ പുതിയത്തുപുറായ ഐന്തൂര്‍ പോക്കാട്ട് എള്ളാടശ്ശേരിയില്‍ പരേതനായ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകന്‍ യൂനുസ് സലീമാണ് (37) മരിച്ചത്. ആഗസ്റ്റ് മൂന്നിന് കാണാനില്ളെന്ന് നാട്ടില്‍ വിവരം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബം അറിയുന്നത്.
ബന്ധുക്കള്‍ അന്വേഷണം നടത്തിയിട്ടും തുമ്പ് ലഭിച്ചിരുന്നില്ല. ഇഖാമ ഇല്ലാത്തതിന്‍െറ പേരില്‍ പൊലീസ് പിടികൂടിയെന്നാണ് സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചത്. ജയിലിലുള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തുടര്‍ന്നാണ് കഴിഞ്ഞ 14ന് കോണ്‍സുലേറ്റിന്‍െറ അറിയിപ്പ് മലപ്പുറം പൊലീസില്‍ എത്തുന്നത്. കാണാതായ പിറ്റേന്ന് താമസസ്ഥലത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടത്തെിയെന്നാണത്രെ സൗദി പൊലീസ് അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടം  രേഖ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചതവും രക്തസ്രാവവും ഗുരുതര പരിക്കുമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കാരായ രണ്ട് പേരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കൊലപാതകമാണെന്നാണ് സംശയം.
2013 മാര്‍ച്ചിലാണ് സലീം നാട്ടില്‍നിന്ന് ജിദ്ദയില്‍ എത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ഫാര്‍മസിസ്റ്റായി ജോലിചെയ്യുന്ന സലീം ഷറഫിയ്യക്ക് സമീപം ബാഗ്ദാദിയ്യയിലാണ് താമസിച്ചിരുന്നത്. പണമിടപാടാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മാതാവ്: ആയിശ. ഭാര്യ: നജ്മ. മക്കള്‍: റീം, റീഫ്, റിസ. സഹോദരങ്ങള്‍: മുഹമ്മദ് ഇഖ്ബാല്‍, അഹമ്മദ് ഖുതുബുദ്ദീന്‍, റംല, ഹൈമ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.