സഖറിയാസ് മാർ തെയോഫിലോസ് മെത്രാപോലീത്ത അന്തരിച്ചു

തിരുവനന്തപുരം: മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത(78) അന്തരിച്ചു. തലയിലെ രക്തസ്രാവത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്റര്‍സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് 5.50ഓടെ മരണം സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് മടക്കയാത്രക്കിടെ വിമാനത്തില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ ഭദ്രാസന ആസ്ഥാനത്ത് എത്തിച്ച മൃതദേഹം തിട്ടമേല്‍, പാറ്റൂര്‍ പള്ളികളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് തിരുവല്ല ഭദ്രാസന ആസ്ഥാനത്തേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച തിരുവല്ല എസ്.സി പള്ളി സെമിത്തേരിയില്‍.

1938ല്‍ നിരണം മട്ടക്കല്‍ വെണ്‍പറമ്പില്‍ വി.കെ. ഉമ്മന്‍െറയും മറിയാമ്മയുടെയും മകനായി ജനിച്ചു. അധ്യാപകനായാണ് ഒൗദ്യോഗികജീവിതം ആരംഭിച്ചത്. 1963ല്‍ സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവെച്ച തെയോഫിലോസ് 1966ല്‍ വൈദികനും 1980ല്‍ ബിഷപ്പുമായി. 2004ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായ അദ്ദേഹം പത്തുവര്‍ഷമായി ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനാണ്.

ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മെത്രാപ്പോലീത്ത അടൂര്‍, മാവേലിക്കര, കോട്ടയം, റാന്നി, കുന്ദംകുളം, മദ്രാസ്, നോര്‍ത് അമേരിക്ക, യു.കെ ഭദ്രാസനങ്ങളുടെ അധിപനായും സേവനമനുഷ്ഠിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.