തിരുവനന്തപുരം: ബിഹാർ ഗവർണറായി നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽനിന്ന് മടങ്ങും. ശനിയാഴ്ച വൈകീട്ട് രാജ്ഭവനിൽ ജീവനക്കാർ യാത്രയയപ്പ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെതുടർന്ന് പ്രഖ്യാപിച്ച ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. ഔദ്യോഗിക ചടങ്ങ് അല്ലാത്ത നിലയിൽ യാത്രയയപ്പ് സംഘടിപ്പിക്കാനാണ് ജീവനക്കാർ തീരുമാനിച്ചതെങ്കിലും ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി അനൗചിത്വമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയായിരുന്നു.
ഗവർണർമാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാന് നൽകുന്നില്ല. സർക്കാറുമായി പോരിലായിരുന്ന ഗവർണർക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാറിന് താൽപര്യമില്ലെങ്കിലും ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഇത്തരം പരിപാടികൾ ഒഴിവാക്കുകയാണെന്ന വിശദീകരണമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ജനുവരി ഒന്നിന് ബിഹാറിലെത്തി ഗവർണറായി ചുമതലയേൽക്കും. പുതിയ ഗവർണർ രാജേന്ദ്ര ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.