ചന്ദ്രബോസ് വധക്കേസ്: പ്രതിഭാഗം സാക്ഷികളുടെ മൊഴി പ്രോസിക്യൂഷന് അനുകൂലം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍  പ്രതിഭാഗം ഹാജരാക്കിയ രണ്ട് സാക്ഷികള്‍ പ്രോസിക്യൂഷന്‍ വാദം സാധൂകരിച്ച് മൊഴി നല്‍കി. നിസാമിനെ ജയിലില്‍ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോ. അജിത്ത്, ടയറെക്സ് ഇന്‍ഡ്യ ലിമിറ്റഡ് എം.ഡിയും ടയര്‍ വിദഗ്ധനുമായ എം.വി. കിരണ്‍ എന്നിവരാണ് മൊഴി നല്‍കിയത്.
ചന്ദ്രബോസിന് പരിക്കേറ്റത് വാഹനാപകടം മൂലമാണെന്നും ആക്രമണം നിസാമിന് നേരെയായിരുന്നുവെന്നും ആക്രമത്തില്‍ പരിക്കേറ്റ നിസാം  ജയിലിലിരിക്കെ ചികിത്സ തേടിയെന്ന് തെളിയിക്കാനാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടറെ പ്രതിഭാഗം ഹാജരാക്കിയത്. വിചാരണയില്‍ പ്രോസിക്യൂഷന്‍ വാദത്തിന് അനുകൂലമാകുന്ന തരത്തിലാണ് ഡോക്ടറുടെ മൊഴി. മാരകമായ ഇരുമ്പ് കമ്പിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ആക്രമിച്ചതിലുണ്ടായ പരിക്കുകളായിരുന്നില്ളേ നിസാമിന്‍െറ ശരീരത്തിലുണ്ടായിരുന്നതെന്ന പ്രതിഭാഗം അഭിഭാഷകന്‍െറ ചോദ്യത്തിന് അത്തരത്തിലുള്ള മുറിവുകളൊന്നും നിസാമിന്‍െറ ശരീരത്തിലുണ്ടായിരുന്നില്ളെന്ന് ഡോ. അജിത്ത് വ്യക്തമാക്കി. വണ്ടി ഓടിക്കുമ്പോള്‍ മൈല്‍കുറ്റി പോലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് തട്ടുമ്പോഴുണ്ടാകുന്ന പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു.
 പേരാമംഗലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച ഹമ്മര്‍ കാറും പൊട്ടിയ ടയറും പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും പേരാമംഗലം പൊലീസിന്‍െറയും സാന്നിധ്യത്തില്‍ കിരണ്‍ പരിശോധിച്ചു. വിസ്താരത്തില്‍ പൊട്ടിയ ടയറുമായി കാര്‍ ഓടില്ല എന്ന് കിരണ്‍ കോടതിയില്‍ വ്യക്തമക്കി. ഹമ്മര്‍ ടയര്‍ ബുള്ളറ്റ് പ്രൂഫ് ആണെങ്കിലും പഞ്ചറായാല്‍ ഓടില്ല. ഹമ്മര്‍ കാറിന്‍െറ ടയര്‍ പൊട്ടുകയോ പഞ്ചറാവുകയോ ചെയ്താല്‍ 20 കിലോമീറ്റര്‍ സ്പീഡില്‍ 30 കിലോമീറ്റര്‍ ദൂരം വരെ ഓടുമെന്നായിരുന്നു പ്രതിഭാഗം വാദം. കിരണിന്‍െറ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം 30ന് നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.