മുന്നണിയിലെ അനൈക്യത്തിന് അറുതിതേടി ഘടകകക്ഷികള്‍ നാളെ സോണിയയെ കാണും


കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കും മുന്നണിയിലെ അനൈക്യവും അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെടാന്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം. ബുധനാഴ്ച കോട്ടയത്തത്തെുന്ന സോണിയക്ക് മുന്നില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സംയുക്തമായി ഇക്കാര്യം ഉന്നയിക്കുമെന്നാണു സൂചന. അതേസമയം, നേതൃമാറ്റം ഘടകകക്ഷികള്‍ ആവശ്യപ്പെടില്ല.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരാണ് ലീഗ് നിലപാട് അറിയിക്കാന്‍ സോണിയയെ കാണുന്നത്. യു.ഡി.എഫിലെ അനൈക്യം അവസാനിപ്പിച്ച് സീറ്റ് വിഭജനമടക്കം എല്ലാ പ്രശ്നവും രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ തന്നെ നടപടിയുണ്ടാകണമെന്ന് ചര്‍ച്ചയില്‍ ലീഗ് ആവശ്യപ്പെടുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറില്‍ കോണ്‍ഗ്രസും ലീഗും പലയിടത്തും പരസ്പരം ഏറ്റുമുട്ടാനുണ്ടായ സാഹചര്യവും പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനത്തിലുള്ള അമര്‍ഷവും ലീഗ് നേതൃത്വം സോണിയയെ ധരിപ്പിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വിവാദവും ലീഗ് ചര്‍ച്ചയാക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയത്തിന് കാരണം ന്യൂനപക്ഷ പ്രീണനമാണെന്നുകാണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് അയച്ച കത്തിനെക്കുറിച്ച് ലീഗ് ഇതേവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍, വിഷയത്തിന്‍െറ ഗൗരവവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയെ ബോധ്യപ്പെടുത്താനാണ് ലീഗ് തീരുമാനം. വെള്ളാപ്പള്ളി-ബി.ജെ.പി കൂട്ടുകെട്ട് ഉയര്‍ത്തിയ വാദഗതികളും ആരോപണങ്ങളും തുടക്കത്തില്‍ തന്നെ നേരിടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി ഇടപെട്ടില്ളെന്ന പരാതിയും ലീഗിനുണ്ട്.  ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇത് കാരണമായെന്നും പാര്‍ട്ടി കരുതുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ യു.ഡി.എഫ് പിന്നിലായതിന്‍െറ കാരണങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയുടെ ശ്രദ്ധയില്‍പെടുത്തും.
ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടിയിലെ അമര്‍ഷവുമായാണ് കേരള കോണ്‍ഗ്രസ് സോണിയയെ കാണുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്നാക്കം പോകാന്‍ കാരണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേടാണെന്നും പാര്‍ട്ടിക്ക് അഭിപ്രായമുണ്ട്. മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സാഹചര്യവും ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്കും ഇരട്ട നീതിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കെ.എം. മാണിയും സി.എഫ്. തോമസും ജോസ് കെ.മാണി എം.പിയും സോണിയയെ ധരിപ്പിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും മന്ത്രി രമേശ് ചെന്നിത്തലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
ഘടക കക്ഷികളെ മുന്നില്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരായ എല്ലാ നീക്കങ്ങളും ദുര്‍ബലപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് എ ഗ്രൂപ്. ജനതാദള്‍ യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍, മന്ത്രി ഷിബു ബേബി ജോണ്‍(ആര്‍.എസ്.പി) എന്നിവരും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരാതികളുടെ കെട്ടഴിക്കാനാണ് കോട്ടയത്തത്തെുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.