ഒന്നാംഘട്ട വോട്ടെടുപ്പില്‍ 77.68 ശതമാനം പോളിങ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തില്‍ പ്രാഥമിക കണക്കനുസരിച്ച് 77.68 ശതമാനം പോളിങ്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അഞ്ചുമണിക്ക് പോളിങ് സമയം അവസാനിക്കുമ്പോഴും പല ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു പോളിങ്. ഒരിടത്തും റീ പോളിങ്ങില്ല. യന്ത്രതകരാറിനെതുടര്‍ന്ന് ഏഴുജില്ലകളിലെ 17 സ്ഥലത്ത് വോട്ടിങ്യന്ത്രം മാറ്റേണ്ടിവന്നു. വോട്ടിങ് ശതമാനം ഉന്നയിച്ച വിഷയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടപ്പോള്‍ യു.ഡി.എഫ് ഇല്ലാതാവുന്ന ഫലമാണ് വരുകയെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. ചരിത്രം മാറുമെന്ന് ബി.ജെ.പിയും.

കഴിഞ്ഞ തവണ ആദ്യഘട്ടം പോളിങ് 75.33 ശതമാനമായിരുന്നു. സംസ്ഥാനത്ത് 76.32ഉം.

ഇടുക്കി, വയനാട് ജില്ലകളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് കൂടിയപ്പോള്‍ പ്രാഥമിക കണക്കുപ്രകാരം മറ്റ് ജില്ലകളില്‍ കുറഞ്ഞു. പ്രിസൈഡിങ് ഓഫിസര്‍മാരുടെ കണക്കുകള്‍ ലഭ്യമാകുന്നതോടെ ശതമാനത്തില്‍ മാറ്റം വരും. ലഭ്യമായ കണക്കഅനുസരിച്ച് വയനാട്ടിലാണ് ഉയര്‍ന്ന പോളിങ്. കുറവ് തിരുവനന്തപുരത്തും. കനത്ത മഴയത്തെുടര്‍ന്ന് തുടക്കത്തില്‍ മന്ദഗതിയിലായ തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ഉച്ചക്കുശേഷമാണ് ശക്തിപ്പെട്ടത്. ത്രിതല പഞ്ചായത്തുകളില്‍ 77.03ഉം മുനിസിപ്പാലിറ്റികളില്‍ 78.49ഉം കോര്‍പറേഷനില്‍ 67.95ഉം ശതമാനമാണ് പോളിങ്.
ജില്ലകളിലെ പോളിങ് ശതമാനം. ബ്രാക്കറ്റില്‍ 2010 ലെ പോളിങ്. തിരുവനന്തപുരം 72 (69.91), കൊല്ലം 74.46 (74.14),  ഇടുക്കി 79.04 (77.51), കോഴിക്കോട് 77.64 (79.21), വയനാട് 82.02 (81.3), കണ്ണൂര്‍ 80 (81.3), കാസര്‍കോട് 78.61 (78.23). ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ 1807 വോട്ടര്‍മാരില്‍ 1318 പേര്‍ വോട്ട് ചെയ്തു -72.94 ശതമാനം.

ഗ്രാമ പഞ്ചായത്തുകളില്‍ 77.03 ശതമാനവും ,നഗരസഭകളില്‍ 78.49 ശതമാനവും കോര്‍പറേഷനുകളില്‍ 67.95 ശതമാനവുമാണ് പോളിങ്.

ത്രിതലത്തിലും യന്ത്രം പരീക്ഷിച്ച തെരഞ്ഞെടുപ്പില്‍ യന്ത്രം പണിമുടക്കിയതിനത്തെുടര്‍ന്ന് 17 ബൂത്തില്‍ വോട്ടെടുപ്പ് വൈകി. ഇതില്‍ 12 എണ്ണം ത്രിതല പഞ്ചായത്ത് തലത്തിലും അഞ്ചെണ്ണം നഗരസഭയിലുമാണ്.വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് തുടക്കം മുതല്‍ ആവേശകരമായിരുന്നു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്ക് കാണാമായിരുന്നു. എന്നാല്‍, കനത്ത മഴ തലസ്ഥാനത്തെ വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയിലാക്കി. രാവിലെ മുതല്‍ പെയ്ത മഴ ഇടക്ക് മാറിയെങ്കിലും പിന്നീട് പലവട്ടം പെയ്തു.
ഇടുക്കിയില്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് ആവേശത്തിലായി. വൈകീട്ട് ആറരക്ക് ശേഷമാണ് ചില ബൂത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ആദ്യ മണിക്കൂറില്‍ 6.5 ശതമാനമായിരുന്ന പോളിങ് 12 മണിയോടെ 32.04ഉം രണ്ടുമണിയോടെ 51.80 ആയും നാലോടെ 69.71 ശതമാനമായും ഉയര്‍ന്നു.

 

കാവിലുംമ്പാറ ഗവ. എച്ച്.എസ്.എസിൽ വോട്ട് ചെയ്യാനെത്തിയ വയോധിക
 


സംസ്ഥാനത്ത് ആകെയുള്ള 21871 തദ്ദേശ വാർഡുകളിൽ 9220 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. മുക്കാൽ ലക്ഷം സ്ഥാനാർഥികളിൽ 31161 പേരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. 11111006 പേർക്കാണ് വോട്ടവകാശം. വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. സംസ്ഥാനത്താകെയുള്ള 1316 അതീവ പ്രശ്ന സാധ്യതാ ബൂത്തുകളിൽ 1019 എണ്ണവും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ്. ഇതിൽ പകുതിയും കണ്ണൂരിലും.

കോട്ടൂർ എ.യു.പി.എസിൽ വോട്ട് ചെയ്യാനെത്തിയവർ

തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും ചില ജില്ലകളില്‍ അക്രമ സംഭവങ്ങളുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പില്‍ പോളിങ് അവസാനിച്ച ശേഷം മുസ്ലിംലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സ്ഥാനാര്‍ഥികള്‍ക്ക് നേരെ കൈയേറ്റവും മുളകുവെള്ളം ദേഹത്ത് ഒഴിക്കലും ആദിവാസി സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്ത സംഭവവും ബൂത്ത് പിടിത്തവും ഉണ്ടായി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ബൂത്തില്‍ തളിപ്പറമ്പ് ബ്ളോക് യു.ഡി.എഫ് സ്ഥാനാര്‍ഥി രേഷ്മ ഗോപനും കുറ്റ്യേരി വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ശ്രീജക്കും മര്‍ദനമേറ്റു. തളിപ്പറമ്പ് കാഞ്ഞിരോട്, തലോറ ബൂത്തുകളില്‍ വെബ് കാമറയുടെ കേബ്ള്‍ മുറിച്ചുമാറ്റി. കൊട്ടിയൂരില്‍ ആദിവാസി സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ളി പഞ്ചായത്ത് നാലാം വാര്‍ഡ് ലക്ഷ്മി വിലാസം എല്‍.പി സ്കൂളില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തെന്നാരോപിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫുമായി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് യു.ഡി.എഫിലെ സ്ഥാനാര്‍ഥി ടി.പി. വസന്തയുടെ മേല്‍ മുളകുവെള്ളമൊഴിച്ചു. ഇവിടെ അരമണിക്കൂര്‍ വോട്ടിങ് നിര്‍ത്തേണ്ടി വന്നു.
 

തിരുവനന്തപുത്ത് കനത്ത മഴയിലും പോളിങ് ബൂത്തിലേക്ക് പോകുന്ന വോട്ടര്‍മാര്‍


കോഴിക്കോട്ട് പേരാമ്പ്ര നൊച്ചാട് പഞ്ചായത്തില്‍ ഏറ്റുമുട്ടിയ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തി. കോഴിക്കോട് കോര്‍പറേഷനില്‍ പൊലീസ് അകാരണമായി മര്‍ദിച്ചുവെന്നാരോപിച്ച്  വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോഴിക്കോട് വയനാട് ദേശീയപാത ഒരു മണിക്കൂറോളം ഉപരോധിച്ചു. ഉള്ള്യേരിയില്‍ പാര്‍ട്ടി വിട്ട മുന്‍ എസ്.എഫ്.ഐ നേതാവ് സി. ലാല്‍കിഷോറിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
തിരുവനന്തപുരം അമ്പലത്തറയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജോയ്ക്ക് പരിക്കേറ്റു. ഇടുക്കി മൂന്നാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഏജന്റ് ബൂത്ത് രാത്രി തകര്‍ത്തു.
വോട്ടെടുപ്പിനുശേഷം കൊല്ലം ജില്ലയിലെ തെന്മലയില്‍ സി.പി.എം, ആര്‍.എസ്.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുകൂട്ടരും ദേശീയപാത ഉപരോധിച്ചു. മര്‍ദനമേറ്റ മൂന്ന് ആര്‍.എസ്.പി പ്രവര്‍ത്തകരില്‍ ഒരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.