ബോഡോ തീവ്രവാദി ഡിന്‍ഡ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: ഒളിവില്‍ താമസിച്ച ബോഡോലാന്‍ഡ് തീവ്രവാദി കോഴിക്കോട്ട് അറസ്റ്റില്‍. നഗരത്തിനടുത്ത് കക്കോടി മുക്കില്‍ ഇതരസംസ്ഥാനതൊഴിലാളികളോടൊപ്പം താമസിച്ച ഡിങ്കെ എന്ന ലിബിയോണ്‍ ബസുമാതുരി (45) ആണ്  ഇന്‍റലിജന്‍റ്സ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍െറ പിടിയിലായത്. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്‍െറ (എന്‍.ഡി.എഫ്.ബി) ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഒരു മാസം മുമ്പ് അസമിലെ വനമേഖലയില്‍  പൊലീസുമായി ഏറ്റുമുട്ടി കൂട്ടം തെറ്റി കാട്ടിലലഞ്ഞ ശേഷമാണ് ചെന്നൈ വഴി ഇയാള്‍ കോഴിക്കോട് എത്തിയത്.
ഇതരസംസ്ഥാനതൊഴിലാളികളോടൊപ്പം കക്കോടി മുക്കിലെ വാടകവീട്ടില്‍ ഒരുമാസമായി ഇയാള്‍ താമസിക്കുകയായിരുന്നു. തൊഴിലാളിയെന്ന വ്യാജേന ഇവിടെ താമസിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. അസമിലെ ചിരാങ് ജില്ലക്കാരനാണ് പ്രതി. ഇന്‍റലിജന്‍റ്സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസിന്‍െറ സഹകരണത്തോടെയാണ് ഇയാള്‍ക്കായി വല വിരിച്ചത്. തൊഴിലാളികളെ ആവശ്യമുണ്ട് എന്നു പറഞ്ഞാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്തു. ചേവായൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം ചൊവ്വാഴ്ച വൈകീട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
സ്വതന്ത്ര ബോഡോ സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട്  സായുധസമരം നടത്തുന്ന ക്രിസ്ത്യന്‍ വലതുപക്ഷ തീവ്രവാദസംഘടനയാണ് നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. 1986ലാണ് സംഘടന രൂപവത്കരിച്ചത്. നാല് ബറ്റാലിയനുകളാണ് സംഘടനക്ക് കീഴിലുള്ളത്. നമ്പര്‍ 16 ബറ്റാലിയന്‍െറ കമാന്‍ഡന്‍റ് ആണ് ഡിങ്കെ. 2011ല്‍ ഇവര്‍ സൈ്വരങ്ക ഗ്രൂപ് രൂപവത്കരിച്ചു. കക്കോടിയിലെ സിമന്‍റ് കടയിലെ തൊഴിലാളിയായാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. ചോവായൂര്‍ എസ്.ഐ. ഷാജഹാനും  പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.