ജേക്കബ് തോമസിന് ‘തെളിവ്’ നല്‍കി സെന്‍കുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് ഇടഞ്ഞുനില്‍ക്കുന്ന ഡി.ജി.പി ജേക്കബ് തോമസിന് പരോക്ഷ താക്കീതുമായി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്. മാധ്യമപ്രതികരണത്തിലൂടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന് പറഞ്ഞ് ജേക്കബ് തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് തനിക്കെതിരെ എന്ത് തെളിവുണ്ടെന്ന് ജേക്കബ് തോമസ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണക്കുറിപ്പില്‍ ചോദിച്ചിരുന്നു. ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും ജേക്കബ് തോമസിനുള്ള  മറുപടിയെന്നോണമാണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്ന് വ്യക്തം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയോ അവയുടെ നയങ്ങളെയോ വിമര്‍ശിക്കുന്നത് തെറ്റാണെന്ന്നിഷ്കര്‍ഷിക്കുന്ന ഓള്‍ ഇന്ത്യ സര്‍വിസസ് (കോണ്‍ഡക്ട്) റൂള്‍സ്-1968 ആണ് സെന്‍കുമാര്‍ പോസ്റ്റ് ചെയ്തത്.

അതേസമയം, പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജേക്കബ് തോമസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വന്ന പോസ്റ്റുകളില്‍ പലതും സെന്‍കുമാറിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അഴിമതിക്കെതിരെ ശബ്ദിച്ച ഉദ്യോഗസ്ഥന്‍െറ നാവടക്കാന്‍ ശ്രമിക്കുന്നത് അഴിമതിയെക്കാള്‍ വലിയ ദ്രോഹമെന്നായിരുന്നു ഒരു പോസ്റ്റ്. രാഷ്ട്രീയക്കാര്‍ക്ക് വിടുപണി ചെയ്യാതെ സെന്‍കുമാറിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ആദര്‍ശധീരനെന്ന് പേരുകേട്ട സെന്‍കുമാറിനോട് സലാം പറഞ്ഞ് അണ്‍ഫ്രണ്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോടതിവിധിയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നത് എങ്ങനെ സര്‍ക്കാറിനെ വിമര്‍ശിക്കലാകുമെന്നും ചിലര്‍ ചോദിച്ചു.അഴിമതിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നുയരുന്ന പ്രതിഷേധത്തിന്‍െറ നേര്‍ക്കാഴ്ചയായിരുന്നു സെന്‍കുമാറിന്‍െറ പോസ്റ്റിനെതിരെ വന്ന കമന്‍റുകള്‍ എന്നതും ശ്രദ്ധേയം. അതേസമയം, 136 ഓളം പേര്‍ സെന്‍കുമാറിന് പിന്തുണയും അറിയിച്ചിട്ടുണ്ട്.

THE ALL INDIA SERVICES (CONDUCT) RULES, 1968

Posted by State Police Chief Kerala on Tuesday, November 3, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.