മലപ്പുറം: മലപ്പുറത്ത് 270ഓളം കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് അട്ടിമറിയെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു. അവസാനം വോട്ട് ചെയ്ത ആളിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല കേന്ദ്രങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ സെല്ലോടേപ്പും പേപ്പറും സ്റ്റിക്കറുകളും തിരുകിയതായി കണ്ടത്തെി. ഇത്രയധികം കേന്ദ്രങ്ങളില്‍ തകരാറ് കണ്ടത്തെിയതിനാലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയിക്കുന്നത്.
അതേസമയം, ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണു വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ പറഞ്ഞു. വൈകിട്ട് അഞ്ചിന് ആരൊക്കെ ക്യൂവിലുണ്ടോ, അവരെയെല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. മുടങ്ങിയ സമയത്തിനു പകരമായി കൂടുതല്‍ സമയം അനുവദിക്കുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പു കമ്മിഷനോട് ആലോചിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ കോണ്‍ഗ്രസ്-മുസ്ലീം ലീഗ് സൗഹൃദമത്സരം നടക്കുന്ന കേന്ദ്രങ്ങളിലാണ് തകരാറ് കണ്ടത്തെിയിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതു ഗൗരവമായ പ്രശ്നമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ബദല്‍ സംവിധാനം വേഗം ഏര്‍പ്പെടുത്തണമെന്നും വോട്ടിങിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി നടന്നതായിസംശയിക്കുന്നില്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ തകരാറ് യാദൃശ്ചികമാകാമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.
മലപ്പുറത്തെ മക്കരപ്പറമ്പ്, അങ്ങാടിപ്പുറം, മൂര്‍ക്കനാട്, ആലങ്കോട്, കുറുവ, പുലാമന്തോള്‍, കീഴാറ്റൂര്‍,തൃക്കലങ്ങോട്, മമ്പാട് എന്നീ പഞ്ചായത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.