തിരുവനന്തപുരം: വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വോട്ടെടുപ്പ് തടസപ്പെട്ട മലപ്പുറം ജില്ലയിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒമ്പത് ബൂത്തുകളിലും വെള്ളിയാഴ്ച വീണ്ടും വോട്ടെടുപ്പ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.
വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് അസ്വാഭാവികമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വഴിക്കടവ് (നാല്), പോത്തുകല്‍ (നാല്), ചുങ്കത്തറ (ഒന്ന്), ചെറുകാവ് (ഒന്ന്), പുളിക്കല്‍ (ആറ്),ചേലേമ്പ്ര (രണ്ട്), വണ്ടൂര്‍ (11), പോരൂര്‍ (ആറ്), മമ്പാട് (ഒന്ന്),തൃക്കലങ്ങോട് (മൂന്ന്), പാണ്ടിക്കാട് (ആറ്), തുവ്വൂര്‍ (നാല്), കരുവാരകുണ്ട് (ഒന്ന്), ചീക്കോട് (ഒന്ന്),ആനക്കയം (ഒന്ന്), ആലിപറമ്പ് (നാല്),മേലാറ്റൂര്‍ (നാല്), താഴേക്കോട് (രണ്ട്), അങ്ങാടിപ്പുറം (ആറ്), നിറമരുതൂര്‍ (ഒന്ന്) പുറത്തൂര്‍ (രണ്ട്), വെട്ടം (നാല്), തവനൂര്‍ (രണ്ട്), വട്ടംകുളം (അഞ്ച്), ആലങ്കോട് (ഒമ്പത്), മാറഞ്ചേരി (നാല്), വെളിയങ്കോട് (ഏഴ്) പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പു നടക്കുന്നത്. എല്ലാ ജില്ലയിലെയും വോട്ടെണ്ണല്‍ ശനിയാഴ്ചതന്നെ നടക്കും.
തൃശൂര്‍ ജില്ലയിലെ ചേലക്കര,തിരുവില്വാമല,പഴയന്നൂര്‍,ഏങ്ങണ്ടിയൂര്‍, കൈപ്പമംഗലം,അന്നമനട എന്നിവിടങ്ങളിലെ ഓരോന്നും അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടും വാര്‍ഡുകളിലാണ് വീണ്ടും വോട്ടെടുപ്പ്. തൃശൂരില്‍ അമ്പതിലേറെ സ്ഥലങ്ങളില്‍ യന്ത്രം പണിമുടക്കിയെങ്കിലും പിന്നീട് പരിഹരിച്ചു.
തുടക്കത്തില്‍ മലപ്പുറം ജില്ലയില്‍ 300ഓളം ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ അനുഭവപ്പെട്ടത്. പലയിടത്തും മൂന്നും നാലും മണിക്കൂര്‍ യന്ത്രത്തകരാര്‍ അനുഭവപ്പെട്ടത് പ്രശ്നം സങ്കീര്‍ണമാക്കി. നഗരസഭകളില്‍ തകരാര്‍ പൊതുവെ കുറവായിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ പരക്കെ തകരാര്‍ അനുഭവപ്പെട്ടു. പോരൂര്‍, ആലങ്കോട് പോലുള്ള പഞ്ചായത്തുകളില്‍ ചില വാര്‍ഡുകളില്‍ ഒറ്റ വോട്ടും രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. പോരൂര്‍, ആലങ്കോട്, പഞ്ചായത്തുകളില്‍ മാത്രം 55 മെഷീനുകളാണ് തകരാറിലായത്. പുന:സ്ഥാപിച്ചതില്‍ ചിലത് വീണ്ടും തകരാറിലായി. ബ്ളോക്കിലെ റിട്ടേണിങ് ഓഫിസര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പോളിങ് പുനരാരംഭിച്ചത്. അത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ നിരവധി ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായപ്പോള്‍ രാത്രി ഏഴു കഴിഞ്ഞു.
പേപ്പറും സെല്ളോ ടാപ്പും വെച്ച് മെഷീനില്‍ അട്ടിമറി നടത്തിയതായും ചിലയിടങ്ങളില്‍ പശ ഒഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും ജില്ലാ കലക്ടറോ പൊലീസോ സ്ഥിരീകരിച്ചില്ല. യന്ത്രത്തകരാറും വോട്ടെടുപ്പ് മുടങ്ങിയതും സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന്‍ ജില്ലാ കലക്ടറുടെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിച്ചില്ളെന്നാണ് കമീഷന്‍െറ അഭിപ്രായം.
വ്യാപക യന്ത്ര തകരാര്‍ ജില്ലാ ഭരണകൂടത്തെയും ഇലക്ഷന്‍ കമീഷനെയും ഞെട്ടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴയും യന്ത്ര തകരാറും മൂലം വോട്ടര്‍മാര്‍ മാത്രമല്ല, ഉദ്യോഗസ്ഥരും വട്ടം കറങ്ങി. ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും പരിചയക്കുറവും പോളിങ് സമയം നീളാന്‍ കാരണമായി.
യന്ത്രത്തകരാറല്ലെന്ന് കമീഷണര്‍
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടുയന്ത്രത്തില്‍ ബാലറ്റ് യൂനിറ്റിലാണ് തകരാര്‍ വന്നതെന്നും കണ്‍ട്രോള്‍ യൂനിറ്റില്‍ തകരാറില്ലെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. ബട്ടണുമായി ബന്ധപ്പെട്ട ‘പ്രസ് എറര്‍’ എന്ന അപാകതയാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ യന്ത്രത്തകരാറല്ല. മലപ്പുറത്തെ 225 ബൂത്തുകളില്‍ ഇത് അനുഭവപ്പെട്ടു. പോളിങ് തുടങ്ങിയശേഷമാണ് ഭൂരിഭാഗം സ്ഥലത്തും തകരാര്‍ ഉണ്ടായത്. ഇതിലെ സാങ്കേതികവശം ഉള്‍പ്പെടെ അന്വേഷിക്കും. ഏത് തരത്തിലെ അന്വേഷണമെന്ന് പിന്നീട് തീരുമാനിക്കും. ‘പ്രസ് എറര്‍’ എന്നത് ഗൗരമായാണ് കാണുന്നത്. ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതില്ലാതെ ഇത് വരുമോയെന്ന് സാങ്കേതികവിഭാഗം പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.ഇത്രയും യന്ത്രങ്ങളില്‍ ഒന്നിച്ച് തകരാര്‍ സ്വാഭാവികമല്ല. പശ, പേപ്പര്‍, സെലോടേപ് തുടങ്ങിയവ ഉപയോഗിച്ച് തകരാര്‍ ഉണ്ടാക്കിയതാണോയെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അതടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.