സപൈ്ളകോ സബ്സിഡി വെട്ടിക്കുറച്ചു; ഉഴുന്നിനും പയറിനും നൂറ് ശതമാനത്തിലധികം വിലവര്‍ധനവ്

കാസര്‍കോട്: നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് പൊടിപൊടിക്കുമ്പോള്‍ സാധാരണക്കാരന്‍െറ നടുവൊടിക്കും വിധം അവശ്യസാധനങ്ങളുടെ വിലക്കയറ്റം. അരി, പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവും കാരണം ജനങ്ങള്‍ ദുരിതത്തിലാണ്.
 സപൈ്ളകോ സബ്സിഡി വെട്ടിക്കുറച്ചതോടെ ഉഴുന്ന്, പയര്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് നൂറ് ശതമാനത്തിലധികം വിലക്കയറ്റമാണ് അടുത്തിടെ ഉണ്ടായത്. കൂടിയ വില നല്‍കിയാലും ഇവ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. ഉഴുന്നുപരിപ്പ് കിലോക്ക് 210 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമാണിത്. പലവ്യജ്ഞനങ്ങളുടെ വിലയിലും 20 ശതമാനം മുതല്‍ വില വര്‍ധിച്ചു.
വിപണി വില നിയന്ത്രിക്കാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ അവശ്യവസ്തുക്കളുടെ വിതരണം ഗണ്യമായി വെട്ടിക്കുറച്ചതോടെ കരിഞ്ചന്ത വ്യാപാരം കമ്പോളത്തില്‍ പിടിമുറുക്കി. മാവേലി സ്റ്റോര്‍ വഴി കാര്‍ഡുടമകള്‍ക്ക് പ്രതിമാസം നല്‍കിയിരുന്ന പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ചെറുപയര്‍ എന്നിവയുടെ വില കുത്തനെ കൂട്ടിയതോടൊപ്പം ആവശ്യത്തിനുള്ള ലഭ്യതയും ഇല്ലാതായി. ആഴ്ചതോറുമുണ്ടായിരുന്ന സബ്സിഡി അരിയുടെ വിതരണം ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലായി കുറച്ചു.
സാമ്പാര്‍ പരിപ്പിന് ചില്ലറ വില്‍പനശാലകളില്‍ 220 രൂപയും ചുവന്ന പരിപ്പിന് 210 രൂപയുമാണ് വില. ചെറുപയറിന് 110 രൂപയും കടലക്ക് 100 രൂപയുമാണ് ഇപ്പോഴത്തെ വില. ഏപ്രില്‍, മേയ് മാസം140 രൂപയുണ്ടായിരുന്ന തോരപരിപ്പിന്‍െറ വിലയാണ് 220 രൂപയായി ഉയര്‍ന്നത്. ഉഴുന്നുപരിപ്പിന്‍െറ വില 120 രൂപയില്‍ നിന്ന് 180 രൂപയായി വര്‍ധിച്ചിട്ടുണ്ട്. വറ്റല്‍ മുളകിന്‍െറ വില 110ല്‍ നിന്നും 160 രൂപയായി. 36 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 42 രൂപയും പച്ചരിക്ക് 28 രൂപയില്‍ നിന്ന് 33 രൂപയും ജയ അരിക്ക് 32 ല്‍ നിന്നും 36 രൂപയായും വര്‍ധിച്ചിട്ടുണ്ട്. കടുക്, ജീരകം, വെളുത്തുള്ളി, ഉലുവ തുടങ്ങിയവയുടെ വിലയിലും ഗണ്യമായ വര്‍ധനവാണുണ്ടായത്.
കുറുവ, മട്ട, ജയ അരിയടക്കം സപൈ്ളകൊ വഴി സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന 14 സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വറ്റല്‍ മുളകിന് ഒറ്റയടിക്ക് 16 രൂപയുടെ വര്‍ധനവിനാണ് അന്ന് ശിപാര്‍ശ ചെയ്തത്. ഓണത്തിന് ശേഷം പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. ഉഴുന്നിന്‍െറ വില വര്‍ധിച്ചതിനാല്‍ ഉഴുന്നുവട, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഉഴുന്നിന്‍െറ വില വര്‍ധിച്ചതോടെ നിരവധി പപ്പട നിര്‍മാണ തൊഴിലാളികളുടെ ജീവിതവും പട്ടിണിയിലായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.