25 വർഷം മുമ്പ് റേഡിയോ മെക്കാനിക് ജോലിയുപേക്ഷിച്ച് മണ്ണിെന സ്നേഹിക്കാൻ തുടങ്ങിയ വർഗീസേട്ടൻ കൃഷി ഉപജീവനം മാത്രമാക്കി ഒതുങ്ങാൻ ഒരുക്കമായിരുന്നില്ല. റേഡിയോ മെക്കാനിക്കിന്റെ ഐഡിയയും പുതിയ ചിന്തകളും ടെക്നിക്കുകളും കൃഷിയിലും പരീക്ഷിക്കാനായിരുന്നു വയനാട് പുൽപള്ളി ഷെഡ് ജങ്ഷനിൽ താമസിക്കുന്ന ചെറുതോട്ടിൽ വർഗീസിന്റെ പ്ലാൻ. അങ്ങനെയാണ് ഇത്തിരി സ്ഥലത്ത് കൂടുതൽ കൃഷിയിറക്കാനുള്ള വെർട്ടിക്കൽ കൃഷി പദ്ധതികളും മറ്റുമായി കാർഷികമേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തി വർഗീസ് ശ്രദ്ധേയനാകുന്നത്. തികച്ചും ജൈവ വളങ്ങളുപയോഗിച്ചുള്ള വർഗീസിന്റെ ജനപ്രിയ കൃഷിരീതികൾ കാർഷികരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൂടുതൽ കൃഷിയിറക്കാമെന്ന് ചിന്തയിൽനിന്നാണ് പി.വി.സി പൈപ്പുകളിൽ എല്ലാ ഭാഗത്തും ദ്വാരമിട്ട് മണ്ണ് നിറച്ച് തട്ടുകൾ തിരിച്ച് അതിനുള്ളിൽ കാരറ്റ് കൃഷി വിജയകരമായി പരീക്ഷിച്ചത്. കുത്തനെവെക്കുന്ന പൈപ്പിലെ ഓരോ ദ്വാരത്തിലും വിത്തുകളിട്ട് കുറേ തൈകൾ മുളപ്പിച്ചെടുത്ത് കൃഷി ചെയ്യാമെന്നായിരുന്നു ആദ്യപരീക്ഷണം. പിന്നീട് വലക്കൂട് നിർമിച്ച് അതിനുള്ളിൽ വെള്ളവും വളവുമെത്തിക്കാൻ അടിയിൽ അടപ്പുള്ള പൈപ്പ് സ്ഥാപിച്ച് കൃഷിയിറക്കിയതോടെ കുറഞ്ഞ ചെലവിൽ കാരറ്റ് കൃഷിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിച്ചു. 90 ദിവസംകൊണ്ട് 56 ചുവട് കാരറ്റാണ് ഒരു വെർട്ടിക്കൽ ടവറിൽനിന്ന് ലഭിച്ച വിളവ്.
അഞ്ച് അടി ഉയരത്തിലുള്ള വെർട്ടിക്കൽ ഫാമിങ് വലിയ വിജയമായതോടെ പുതിയ പരീക്ഷണം കേട്ടറിഞ്ഞ് ലോകത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും അന്വേഷണങ്ങളും വർഗീസിനെ തേടിയെത്തി. അതോടെ കാർഷക രംഗത്ത് വലിയ തോതിൽ വെർട്ടിക്കൽ ഫാമിങ് ചർച്ച ചെയ്യപ്പെട്ടു. യൂറോപ്പിൽനിന്നടക്കം അന്വേഷണമെത്തി. ആദ്യപരീക്ഷണം വൻവിജയമാകുകയും കാർഷികലോകം ചർച്ചചെയ്യുപ്പെടുകയും ചെയ്തതോടെ പോരായ്മകൾ നികത്തിയുള്ള പുതിയ പരീക്ഷണങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഉയരത്തിലുള്ള വെർട്ടിക്കൽ ഫാമിങ് കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ട് ചിലർ സൂചിപ്പിച്ചതോടെയാണ് ഉയരം കുറവുള്ളതും എന്നാൽ, കൂടുതൽ തൈകൾ നടാൻ കഴിയുന്നതുമായ വെജ്ടാങ്ക് കൃഷിയെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. 100 ലിറ്റർ ഉൾക്കൊള്ളുന്ന ഫൈബർ ടാങ്കിൽ 16 ചുവട് പച്ചക്കറി നട്ട് മെച്ചപ്പെട്ട വിളവെടുക്കാമെന്നതാണ് വെജ്ടാങ്ക് കൃഷിയുടെ പ്രത്യേകത. ഇത്തരത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളവും ലഭിച്ചു.
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട, ചീര തുടങ്ങി അധികം ഉയരം വെക്കാത്ത പച്ചക്കറിയാണ് ഇതിൽ നടാവുന്നത്. മണ്ണ്, മണൽ, ചാണകം, കരിയില എന്നിവയടങ്ങിയ മിശ്രിതം ടാങ്കിൽ നിറച്ച് അതിനുനടുവിൽ എല്ലാ ഭാഗത്തും ദ്വാരമിട്ട പൈപ്പ് സ്ഥാപിക്കുകയാണ് ചെയ്യുക. ടാങ്കിന്റെ നാലുഭാഗവും രണ്ടിഞ്ച് നീളത്തിൽ ദ്വാരമുണ്ടാക്കിയ ശേഷം അവിടെ വളക്കൂട്ട് നിറച്ച പൈപ്പ് സ്ഥാപിച്ച് അതിൽ തൈകൾ നടും. മണ്ണ് നിറച്ച പൈപ്പിലൂടെ വെള്ളം ഒഴിക്കുമ്പോൾ വെജ് ടാങ്കിന്റെ എല്ലാ ഭാഗത്തുമുള്ള തൈകൾക്ക് കൃത്യമായി നനവെത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറി നന്നായി വിളയുമെന്നു വർഗീസ് പറയുന്നു. മുറ്റത്തും സൂര്യപ്രകാശം ലഭിക്കുന്ന ഏതുസ്ഥലത്തും ഇത്തരം കൃഷി നടത്താനാവും. പ്രകാശം ലഭിക്കുന്നതനുസരിച്ച് ടാങ്ക് മാറ്റി വെക്കാനുമാകും. വേനൽ കനത്താൽ തണലുള്ള ഭാഗത്തേക്ക് കൃഷിയിടം മാറ്റുകയും ചെയ്യാം. സ്ഥലപരിമിതിയുള്ള കർഷകർക്കും വാടകവീടുകളിൽ കഴിയുന്നവർക്കുമുൾപ്പെടെ ഈ കണ്ടുപിടിത്തം ഏറെ ഗുണം ചെയ്യും.
അറുപത്തിരണ്ടുകാരനായ വർഗീസിന്റെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. ഒന്നരയേക്കർ കൃഷിസ്ഥലം മാത്രമുള്ള അദ്ദേഹത്തിന്റെ തോട്ടത്തിൽ കുരുമുളക് വള്ളികളിൽ അടുത്ത പരീക്ഷണത്തിന് ഒരുങ്ങുകയാണ്. വലിയ ജി.ഐ പൈപ്പുകൾ ഉപയോഗിച്ച് കുരുമുളക് കൃഷി ഇറക്കാനുള്ള പരീക്ഷണത്തിനാണ്അടുത്ത പദ്ധതി. പോളി ഫാം നിർമിച്ച് കക്കിരി കൃഷിക്കുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. മീനുകൾ വളർത്താനുളള കുളങ്ങളും ഇത്തവണ വർഗീസ് നിർമിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം മീനുകളെ വളർത്തലല്ല. മത്സ്യങ്ങൾ പുറന്തള്ളുന്ന വിസർജ്യങ്ങൾ കാരണം വെള്ളത്തിൽ അമോണിയത്തിന്റെ സാന്നിധ്യം വർധിക്കും. ഇതു ചെടികൾക്ക് ഏറ്റവും അനുയോജ്യമായ ജലമാണ്. ഈ വെള്ളമുപയോഗിച്ചാണ് ചെടികളെല്ലാം വർഗീസ് നനക്കുന്നത്.
സാധാരണക്കാർ വീട്ടിലേക്കുള്ള വഴികളും മുറ്റവും ചെടികൾകൊണ്ട് അലങ്കരിക്കുമ്പോൾ പ്രത്യേകിച്ച് ലാഭമൊന്നുമില്ലാത്ത ചെടികൾക്ക് പകരം വരുമാനമുണ്ടാക്കാവുന്ന പച്ചക്കറി ചട്ടികളും ചാക്കുകളും എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നതും വർഗീസിന്റെ ചിന്തയായിരുന്നു. വീട്ടുമുറ്റത്ത് പ്രയോജനമില്ലാതെ ചെടികൾ നട്ടുവളർത്തുകയും ആവശ്യം വേണ്ടതായ പച്ചക്കറികളാകട്ടെ വിഷമരുന്നുകളിൽ മുക്കി അയൽ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങേണ്ടി വരുകയും ചെയ്യുന്ന ദുരവസ്ഥയാണ് മലയാളിക്കുള്ളത്.
അങ്ങനെയാണ് മുറ്റത്തും വീട്ടിലേക്കുള്ള വഴിയിലുമെല്ലാം പച്ചക്കറി ചെടികൾ കൊണ്ട് അലങ്കരിക്കാൻ അദ്ദേഹം തുടങ്ങിയത്. വീട്ടുമുറ്റത്ത് മണ്ണിടാതെ നനച്ചുവളർത്തിയ മുളകും പയറും പാവലും അടക്കമുള്ള പച്ചക്കറികൾ ആരെയും ആകർഷിക്കും. േഗ്രാബാഗുകളിൽ കരിയിലയും ചാണകപ്പൊടിയുമെല്ലാം ഉപയോഗപ്പെടുത്തിയാണ് കൃഷി നടത്തുന്നത്. നട്ട് ഒരു മാസം പിന്നിടുമ്പോൾ തന്നെ മണ്ണിൽ നട്ടതിനേക്കാൾ വേഗത്തിൽ ഈ പച്ചക്കറിച്ചെടികളെല്ലാം വളരും.
വർഗീസിനെ തേടി കൃഷി വകുപ്പിൽനിന്ന് ഒട്ടേറെ അന്വേഷണങ്ങൾ വരുന്നുണ്ട്. കൂടുതലും കർഷകർക്ക് ക്ലാസെടുക്കാനും പുതിയ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടുമാണ്. ആകാശവാണിയിൽ പുതിയെ കൃഷിരീതിയെക്കുറിച്ച് അവതരിപ്പിക്കാനും അവസരമുണ്ടായി. വർഗീസിന്റെ വെര്‍ട്ടിക്കല്‍ ഫാമിങ് രീതിയി മാതൃകയാക്കി പച്ചക്കറികൃഷി വിപുലമാക്കാനുള്ള പദ്ധതി പുൽപള്ളി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘വെര്‍ട്ടിക്കല്‍ ഫാമിങ്’ വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതി നടപ്പാക്കിയിരുന്നു. കേരള സര്‍ക്കാറിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി സംയോജിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നത്.
വെർട്ടിക്കൽ ഫാമിങ്ങിനാവശ്യമായ ഇരുമ്പ് വലക്കൂട് ഒന്നിന് 75 ശതമാനം സബ്സിഡിയോടെ 200 രൂപക്കാണ് കര്‍ഷകര്‍ക്ക് നൽകിയത്. കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, വന്യമൃഗശല്യം തുടങ്ങിയവ കാരണം കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍നിന്നും മറ്റു മേഖലകളിലേക്ക് തിരിയുന്നത് തടയാനും അധികൃതർ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. ഈ കൃഷിരീതിയിലൂടെ വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പുവരുത്താനും സാധിക്കും. വലക്കൂട് കൃഷിയിലൂടെ പ്രശസ്തനായ വര്ഗീസിെൻറതന്നെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗത കൃഷിയിൽനിന്ന് മാറി ഹൈടെക് രീതിയിലേക്ക് മാറിയാലേ കാർഷികരംഗത്ത് ഇനി നിലനിൽപുണ്ടാവൂ എന്നാണ് വർഗീസിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.