തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യു.ഡി.എഫിന് തലവേദനയാവും. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും മുന്നണിയിലെ വിഴുപ്പലക്കലും ശക്തമാകുമെന്നുറപ്പ്. ഫലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാണെങ്കിലും നേതൃമാറ്റം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ സാധ്യത കുറവാണ്. അതേസമയം, പാര്‍ട്ടിയെ അവഗണിച്ച് പോകുന്നരീതിക്ക് മാറ്റംവരുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാകും.
തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാന്‍ സാധിക്കുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടല്‍. എന്നാല്‍, തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചില തിരുത്തലുകള്‍ വേണമെന്ന ബോധ്യം ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള മുറവിളി കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ഉയരുകയും ചെയ്യും. ഇക്കാര്യത്തില്‍ മുന്നണി നേതൃത്വത്തിന്‍െറ സമീപനമായിരിക്കും യു.ഡി.എഫിന്‍െറ നിലവിലെ ഘടനയുടെ നിലനില്‍പ് പോലും തീരുമാനിക്കുക.
ബാര്‍ കോഴയിലെ കോടതി പരാമര്‍ശമാവും ആദ്യ പൊട്ടിത്തെറി വിഷയം. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.എം. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നില്ളെങ്കില്‍ മാനംകാക്കാന്‍ മാണി രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്ന് ഉയരും. അതിനോട് മാണി ഗ്രൂപ്പിന്‍െറ സമീപനം നിര്‍ണായകമായിരിക്കും.
ആര്‍.എസ്.പി, ജെ.ഡി.യു കക്ഷികളുടെ നിലപാടും ശ്രദ്ധേയമാവുകയാണ്. ഇടതുപക്ഷത്തേക്ക് പോകണമെന്ന അഭിപ്രായമുള്ള നിരവധി നേതാക്കള്‍ ഈ പാര്‍ട്ടികളിലുണ്ട്. അവരുടെ ആവശ്യത്തിന് കരുത്തുപകരുന്നതാണ് ഫലം. അതിന് നേതൃത്വങ്ങള്‍ വഴങ്ങുന്നില്ളെങ്കില്‍ പിളര്‍പ്പിലേക്ക് പോലും ഈ പാര്‍ട്ടികള്‍ നീങ്ങിയേക്കാം.
പരമ്പരാഗതമായി ലഭിച്ച നായര്‍ വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് മുസ്ലിം വോട്ടുകളിലെ നഷ്ടം യു.ഡി.എഫിന് തിരിച്ചടിയായി. ബി.ജെ.പിയും സംഘ്പരിവാറും ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ളെന്ന വികാരം മുസ്ലിം സമുദായത്തില്‍ ശക്തമാണ്. ഇടതുമുന്നണി അത് ഫലപ്രദമായി മുതലെടുത്തതോടെയാണ് അവര്‍ അവിടേക്ക് ചാഞ്ഞത്. മുസ്ലിംലീഗ് കോട്ടകളില്‍പോലും വിള്ളല്‍ വീഴ്ത്താന്‍ അതിലൂടെ സാധിച്ചു. ലീഗ് നേതൃത്വത്തെ ഇത് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചേക്കും. എസ്.എന്‍.ഡി.പി -ബി.ജെ.പി ബന്ധത്തെ പ്രതിരോധിക്കാന്‍ തയാറാകാത്ത യു.ഡി.എഫ് നിലപാട് ശരിയായില്ളെന്നും വ്യക്തമാകുന്നു.
പ്രചാരണനായകനെന്ന നിലയില്‍ ഇതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് മാറിനില്‍ക്കാനും കഴിയില്ല. തെരഞ്ഞെടുപ്പ് ഭരണത്തിന്‍െറ വിലയിരുത്തലാകുമെന്ന പ്രഖ്യാപനവും എതിരാളികള്‍ക്ക് ആയുധമാണ്. പരാജയത്തിന്‍െറ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവെച്ച് നേതൃമാറ്റമെന്ന ആവശ്യത്തിലേക്ക് പോവുകയെന്നതാണ് കോണ്‍ഗ്രസിലെ കീഴ്വഴക്കം. അത്തരമൊന്ന് ഉയര്‍ന്നാലും അദ്ഭുതപ്പെടാനില്ല. എന്നാല്‍, എതിരാളികള്‍ പഴയപടി ശക്തരല്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് ആയുസ്സ് നീട്ടിക്കിട്ടാനാണ് സാധ്യത. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനില്‍ക്കെ നേതാവിനെ മാറ്റി പരീക്ഷണം നടത്താന്‍ ദേശീയനേതൃത്വം ശക്തവുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.