ടിപ്പു ജയന്തി : കുടകില്‍ കരിദിനം ആചരിക്കാന്‍ ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും

വീരാജ്പേട്ട: ടിപ്പു സുല്‍ത്താന്‍െറ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കുടക് ജില്ലയിലെ വിവിധ ഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും രംഗത്ത്. തലസ്ഥാനമായ ബംഗളൂരുവിലും എല്ലാ ജില്ലാ-താലൂക്ക് ഭരണകേന്ദ്രങ്ങളിലും ടിപ്പു സുല്‍ത്താന്‍ ജയന്തി നിര്‍ബന്ധമായും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഴുവന്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ടിപ്പു തന്‍െറ ഭരണകാലത്ത് കുടകിലെ ഒട്ടനവധി ഹൈന്ദവ ദേവാലയങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും മുവായിരത്തിലധികം കുടകരെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്നും അയ്യായിരത്തിലധികം കുടക് നിവാസികളെ കൊന്നൊടുക്കിയെന്നുമാണ് സംഘ്പരിവാര്‍ ആരോപണം.
ചൊവ്വാഴ്ച ജില്ലയില്‍ സ്വയംപ്രേരിത ബന്ദ് നടത്താന്‍ ബി.ജെ.പി ആഹ്വാനം ചെയ്തു. ബി.ജെ.പി എം.പി പ്രതാപ് സിങ്, എം.എല്‍.എമാരായ കെ.ജി. ബോപയ്യ, അപ്പച്ചുരഞ്ജന്‍ എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ജില്ലാ ആസ്ഥാനത്ത് ടിപ്പു ജന്മദിന പരിപാടി സമയത്ത് കരിങ്കൊടി പ്രദര്‍ശനം നടത്തുമെന്നും പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ജില്ലയിലൊട്ടുക്കും പരിപാടികള്‍ തടസ്സപ്പെടുത്തുമെന്നും വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ വേദികെ, ബജ്റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ മടിക്കേരിയില്‍ ഹൈന്ദവ സംഘടനകള്‍ ജില്ലാ സെക്രട്ടേറിയറ്റ് വളഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.