ബാർകോഴ: വിജിലൻസ് ഡയറക്ടർ അധികാരപരിധി ലംഘിച്ചിട്ടില്ലെന്ന് കപിൽ സിബൽ

കൊച്ചി: വിജിലൻസ് ഡയറക്ടർ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണെന്നും ബാർകോഴ കേസിൽ  വിജിലൻസ് ഡയറക്ടർ അധികാരപരിധി ലംഘിച്ചിട്ടില്ലെന്നും സുപ്രീംകോടതി അഭിഭാഷകൻ കപിൽസിബൽ.  കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്കെതിരെ വിജിലൻസ് ഡയറക്ടർ നൽകിയ അപ്പീലിൽ ഹൈകോടതിയിൽ വാദം നടക്കവെയാണ് വിജിലൻസിന് വേണ്ടി  ഹാജരായ കപിൽസിബൽ ഇങ്ങനെ പറഞ്ഞത്.

വിജിലൻസ് ഡയറക്ടർ വിജിലൻസ് മാന്വലിനെതിരായി പ്രവർത്തിച്ചിട്ടില്ല. മാന്വൽ പ്രകാരം ഡയറക്ടർക്ക് ചില അധികാര അവകാശങ്ങളുണ്ട്. ഇതിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. ബാർകോഴ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തിരുത്തുന്ന നടപടിയും വിജിലൻസ് ഡയറക്ടർ കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ നടപടികൾ മാത്രമാണ് ഡയറക്ടർ സ്വീകരിച്ചിട്ടുള്ളതെന്നും സിബൽ തന്‍റെ പ്രാഥമിക വാദത്തിൽ വ്യക്തമാക്കി.

കേസിൽ വാദം ആരംഭിച്ചയുടൻ തന്നെ വിജിലൻസ് ഡയറക്ടർ അധികര പരിധി ലംഘിച്ചിട്ടില്ലേ എന്ന് ഹൈകോടതി ജഡ്ജി കെമാൽപാഷ സിബലിനോട് ചോദിച്ചിരുന്നു. കേസിന്‍റെ മെറിറ്റിലേക്ക് കടക്കേണ്ടെന്നും വിജിലൻസ് ഡയറക്ടർ പരിധി ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിലാണ് വാദം നടക്കേണ്ടതെന്നും കോടതി സൂചിപ്പിച്ചു. കപിൽ സിബലിന്‍റെ പ്രഥമിക വാദം പൂർത്തിയായതിന് ശേഷം വി.എസ് അടക്കമുള്ള മറ്റു കക്ഷികളുടെ വാദവും കോടതി ഇന്ന് കേൾക്കും.

വിജിലൻസിനെതിരെയുള്ള കോടതി ഉത്തരവ്, വിജിലന്‍സിന്‍റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് വിജിലൻസ് ഹൈകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.