ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ എസ്.എഫ്.ഐ അക്രമം അപലപനീയം -എസ്.ഐ.ഒ

കോഴിക്കോട് : എറണാകുളം മഹാരാജാസ് കോളജില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ എസ്.എഫ്.ഐ തുടരുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പ്രസ്താവനയില്‍ പറഞ്ഞു. ദലിത് വിദ്യാര്‍ഥിക്ക് പ്രവേശം നിഷേധിച്ച കോളജ് നടപടിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ ഒരു മാസമായി എസ്.എഫ്.ഐ വേട്ടയാടുകയാണ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ വൈശാഖ്, ഋഷി എന്നിവരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്ത പരാതി രജിസ്റ്റര്‍ ചെയ്തതല്ലാതെ ഒരു നടപടിയും പൊലീസും കോളജ് അധികൃതരും സ്വീകരിച്ചിട്ടില്ല. മൂന്നു തവണയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാഴാഴ്ച ആക്രമണമുണ്ടായത്. ദലിത്, പിന്നാക്ക വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള എതിര്‍ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ഥികളോട് എസ്.എഫ്.ഐ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധത്തിന് എസ്.ഐ.ഒ നേതൃത്വം നല്‍കും. ഹോസ്റ്റലിലും കാമ്പസിലും ജനാധിപത്യ അന്തരീക്ഷം ഉറപ്പുവരുത്താന്‍ നടപടികളുണ്ടാവണമെന്നും നഹാസ് മാള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.