കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശിയായ 54കാരന്‍ ഹരി റാം പതറാതെ പറഞ്ഞു... ‘ഒത്തിരിയൊത്തിരി നന്ദിയുണ്ട്, കാലങ്ങളായി അനുഭവിച്ച വേദന മാറ്റിയ ഡോക്ടര്‍മാരോട്. പിന്നെ തീര്‍ത്താല്‍ തീരാത്ത കടപ്പാട് അകാലത്തില്‍ പൊലിഞ്ഞ നിജിന്‍ ലാലിനോടും.’ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ ശേഷമാണ് ഹരി റാം മനസ്സു തുറന്നത്. ഭാര്യ വിജയലക്ഷ്മിയോടൊത്ത് വീല്‍ചെയറിലിരിക്കുമ്പോള്‍ എല്ലാം സ്വപ്നംപോലെ.
സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ഇദ്ദേഹം ആറുവര്‍ഷമായി മിംസിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൃദയം മാറ്റിവെക്കുക മാത്രമേ പരിഹാരമുള്ളൂ. ഇതിനായി മിംസ് മുഖേന രജിസ്റ്റര്‍ ചെയ്തു.
ഇതിനിടെയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച തിരുവള്ളൂരിലെ പനച്ചിക്കണ്ടിമീത്തല്‍ നാണു-ഉഷ ദമ്പതികളുടെ മകന്‍െറ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച വിവരം വന്നത്. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആയഞ്ചേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി നിജിന്‍ ലാലിന് നവംബര്‍ ഒന്നിന് ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചു. മകന്‍െറ അവയവങ്ങള്‍ ദാനംചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. കേരള നെറ്റ് വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങുമായി ബന്ധപ്പെട്ടതോടെ അവയവമാറ്റത്തിന് അനുമതിയും ലഭിച്ചു. ഹൃദയവും കരളും മിംസിനും വൃക്കകള്‍ ബേബി ആശുപത്രിക്കും കണ്ണുകള്‍ മെഡിക്കല്‍ കോളജിനുമാണ് നല്‍കിയത്.
മസ്തിഷ്ക മരണം സംഭവിച്ച് മിനിറ്റുകള്‍ക്കകം വിദ്യാര്‍ഥിയുടെ ശരീരത്തില്‍നിന്ന് ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ നടത്തി. നവംബര്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിക്ക് മിംസ് ആശുപത്രിയിലത്തെിച്ച ഹൃദയം പുലര്‍ച്ചെ അഞ്ചുമണിയോടത്തെന്നെ ഹരി റാമിന്‍െറ ശരീരത്തില്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മിംസിലെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുരളി പി. വെട്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയശേഷം രോഗിയുടെ സ്ഥിതികൂടി കാത്തിരുന്നതിനാലാണ് വിവരം പുറംലോകത്തെ അറിയിക്കാതിരുന്നത്. സംസാരിക്കുന്നതിനൊന്നും പ്രയാസമില്ലാത്ത ഹരി റാം ഈയാഴ്ചതന്നെ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് കാര്‍ഡിയാക് അനസ്തെറ്റിസ്റ്റ് ഡോ. എ.വി. കണ്ണന്‍, കണ്‍സല്‍ട്ടന്‍റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. അനില്‍ ജോസ്, ഡോ. നിതിന്‍ ഗംഗാധരന്‍, ഡോ. ഒ.പി. സനൂജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മിംസ് സി.ഇ.ഒ ഡോ. രാഹുല്‍ മേനോനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇ.എസ്.ഐ സ്കീം പ്രകാരം നടക്കുന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയകൂടിയാണ് ഹരി റാമിന്‍േറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.