തിരുവനന്തപുരം: എൽ.ഡി.എഫിന് ഭരണം ലഭിച്ച തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങൾക്കായി സി.പി.ഐ രംഗത്ത്. ഇത് സി.പി.എം സംസ്ഥാന നേതൃത്വത്തെ സി.പി.ഐ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം അനുസരിച്ച് ജില്ലാ തലത്തിൽ ചർച്ച നടത്താനും ധാരണയായി. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങൾ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയിലും അതിന് താഴെയുള്ളവ കീഴ്ഘടകങ്ങളിലും ചർച്ച ചെയ്യും. അതിനുമുമ്പ് സി.പി.എം–സി.പി.ഐ ഉഭയകക്ഷി ചർച്ച നടത്തും. തർക്കങ്ങൾ സംസ്ഥാനതലത്തിൽ പരിഗണിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ 2000 ലെ സ്ഥിതി തുടരണമെന്ന നിലപാടിലാണ് സി.പി.ഐ. മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു കക്ഷി അധ്യക്ഷ സ്ഥാനം കാലയളവ് മുഴുവൻ കൈയാളുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് അവർക്ക്. നവംബർ 10 ലെ സംസ്ഥാന നിർവാഹകസമിതിയിലും ഈ അഭിപ്രായമാണ് ഉയർന്നത്. 2010ൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചയിടങ്ങളിൽ സി.പി.എം അധ്യക്ഷസ്ഥാനം വിട്ടുനൽകിയിരുന്നില്ല. മുന്നണിയുടെ വിജയത്തിൽ എല്ലാ കക്ഷികളുടെയും വോട്ട്പങ്കാളിത്തമുണ്ട്. അതിനാൽ ഓരോ പാർട്ടിയുടെയും പ്രാതിനിധ്യം കണക്കിലെടുത്ത് അധ്യക്ഷസ്ഥാനം ഈഴംവെച്ച് കൈമാറണമെന്നാണ് സി.പി.ഐ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരിക്കുന്നത്.
ഏകപക്ഷീയമായി അധ്യക്ഷസ്ഥാനങ്ങൾ കൈയടക്കിവെച്ച സി.പി.എം മുൻനേതൃത്വത്തിനെതിരെ സി.പി.ഐ നേതൃയോഗങ്ങളിൽ വിമർശമുണ്ടായി. ബി.ജെ.പി, എസ്.എൻ.ഡി.പി ഉൾപ്പെടെ കടുത്ത വെല്ലുവിളി എൽ.ഡി.എഫിന് ഉയർത്തിയ തെരഞ്ഞെടുപ്പിൽ 2010 നേക്കാൾ മികച്ച ഫലം ലഭിച്ചതും തങ്ങളുടെ വാദത്തിന് ബലംനൽകുന്നതായും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ സംസ്ഥാനത്തൊട്ടാകെ 3714 വാർഡുകളിൽ സി.പി.ഐ മത്സരിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 2759ഉം ബ്ലോക്പഞ്ചായത്തിൽ 378ഉം ജില്ലാപഞ്ചായത്തിൽ 68ഉം മുനിസിപ്പാലിറ്റികളിൽ 446ഉം കോർപറേഷനുകളിൽ 64ഉം വാർഡുകളിൽ മത്സരിച്ചു. ഇതിൽ 1497 വാർഡുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്ത് (1092), ബ്ലോക്പഞ്ചായത്ത് (196), ജില്ലാപഞ്ചായത്ത് (37), മുനിസിപ്പാലിറ്റി (148), കോർപറേഷൻ (24) വാർഡുകളിലാണ് വിജയിച്ചത്. മാത്രമല്ല, യു.ഡി.എഫ് കോട്ടയായ പത്തനംതിട്ടയിൽ പാർട്ടിയുടെ സീറ്റുകൾ 2010 ലെ 65ൽ നിന്ന് 78 ആയും മലപ്പുറത്ത് 30ൽ നിന്ന് 40 ആയും ഇടുക്കിയിൽ 64 സീറ്റിൽ നിന്ന് 94 ആയും ഉയർത്താൻ കഴിഞ്ഞു. എൽ.ഡി.എഫിന് തിരിച്ചടിയേറ്റ എറണാകുളത്ത് 2010 ലെ സീറ്റായ 94 ൽ നിന്ന് 146 ആയി വർധിച്ചത് നേട്ടമായാണ് നേതൃത്വം വിലയിരുത്തുന്നത്. തൃശൂരിൽ കഴിഞ്ഞതവണത്തെ 156 സീറ്റ് 218 ആയും പാലക്കാട്ട് 61ൽ നിന്ന് 72 ആയും വയനാട് 12 സീറ്റ് എന്നത് 23 ആയും ഉയർന്നു.
കണ്ണൂരിൽ 2010ൽ 54 സീറ്റിലാണ് വിജയിച്ചതെങ്കിൽ ഇത്തവണ 72 ആയി. കാസർകോട്ട് 23 സീറ്റ് 28 ഉം ആയി. 2010നേക്കാൾ കൂടുതൽ സീറ്റുകൾ വിജയിച്ചതോടെ അധികാരത്തിൽ പ്രാതിനിധ്യം ഉന്നയിക്കാനും ധാർമികാവകാശമുണ്ടെന്ന് സി.പി.ഐ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.