മരണത്തോടടുത്ത നാളുകളില്‍ ചന്ദ്രബോസ് സംസാരിച്ചതായി ഡോക്ടറുടെ മൊഴി

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന് മരണത്തോടടുത്ത ദിവസങ്ങളില്‍ സംസാരിക്കാനും ശരീരം അനക്കാനും സാധിച്ചിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. വിചാരണക്കിടയില്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിലാണ് അമല ആശുപത്രിയിലെ സര്‍ജറി വിഭാഗം അസോ. പ്രഫ. ഡോ. സുനന്ദകുമാരി ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍, തുടര്‍ച്ചയായി സംസാരിക്കാനോ ബലം പ്രയോഗിക്കാനോ കഴിഞ്ഞിരുന്നില്ളെന്നും അവര്‍ മൊഴി നല്‍കി.
ചന്ദ്രബോസിന്‍െറ മരണമൊഴി എടുക്കാത്തതിന് കാരണമായി പൊലീസ് പറഞ്ഞത് സംസാരിക്കാന്‍ കഴിയാത്ത വിധം ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് എത്തിയെങ്കിലും മൊഴിയെടുക്കാനാവാതെ മടങ്ങി. കേസില്‍ മരണമൊഴി എടുക്കാതിരുന്നതും ആക്രമണ സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതും വിവാദമായിരുന്നു. നിസാമിന്‍െറ ആക്രമണമുണ്ടായ ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചന്ദ്രബോസിനെ ആദ്യം പരിശോധിച്ച ഡോ. പവനനെയും ചൊവ്വാഴ്ച വിസ്തരിച്ചു. ആശുപത്രിയില്‍ എത്തിച്ച സമയത്ത് വാഹനം ഇടിച്ചതിന്‍െറയും മര്‍ദനമേറ്റതിന്‍െറയും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പവനന്‍ മൊഴി നല്‍കി. ഡോ. സുനന്ദകുമാരി, തിങ്കളാഴ്ച വിസ്തരിച്ച ഒന്നാം സാക്ഷി അനൂപിനെ ചികിത്സിച്ച ഡോ.സി. അനീറ്റ, പുഴക്കല്‍ വില്ളേജ് ഓഫിസര്‍ എം.പി. സബിത, കുറ്റൂര്‍ വില്ളേജ് ഓഫിസര്‍ എം.എഫ്. ഗീവര്‍ എന്നിവരുടെ പ്രതിഭാഗം ക്രോസ് വിസ്താരം ബുധനാഴ്ച നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.